തെന്നിന്ത്യൻ താരം തൃഷ കൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദ നായികയായിരുന്നു മീര. തൃഷ തന്റെ ഹെയർ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര അവകാശപ്പെടുന്നു.

‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയർസ്റ്റൈലിനു സമാനമായ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ശ്രദ്ധയിൽ​പെട്ടാൽ നീ നിയമ നടപടികൾ നേരിടേണ്ടി വരും. നിനക്കറിയാം എന്താണ് ചെയ്യുന്നതെന്ന്, നിങ്ങളുടെ മനസാക്ഷിക്ക് അറിയാം. വളരുക! സ്വന്തമായി ഒരു ജീവിതം ജീവിക്കുക,’ മീര കുറിച്ചു. എന്നാൽ തൃഷ ഇതുവരെ മീരയുടെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

ശ്രീഗണേഷ് സംവിധാനം ചെയ്ത എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം.എസ് ഭാസ്‌കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലും മീര അഭിനയിച്ചിട്ടുണ്ട്.

തന്റെ ബ്ലോഗിൽ വിവാദപരമായ കുറിപ്പുകൾ പങ്കുവച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആൾകൂടിയാണ് മീര മിഥുൻ. കമൽഹാസൻ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് പതിപ്പിലെ മത്സരാർഥിയായിരുന്ന മീര, മറ്റൊരു മത്സരാർഥിയായിരുന്ന നടൻ ചേരനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ താരത്തെ പുറത്താക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook