മലയാളസിനിമയ്ക്ക് ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു മീര ജാസ്മിൻ എന്ന നടി. 2001ൽ 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ സിനിമയിലേക്ക് എത്തിയത്. ലോഹിതദാസിന് മീരയെ പരിചയപ്പെടുത്തിയത് ആകട്ടെ, സംവിധായകൻ ബ്ലെസിയും.
സൂത്രധാരൻ കൂടാതെ കസ്തൂരിമാൻ, ചക്രം എന്നീ ലോഹിതദാസ് ചിത്രങ്ങളിലും മീര അഭിനയിച്ചു. മീരയെ കേന്ദ്രകഥാപാത്രമാക്കി ‘ചെമ്പട്ട്’ എന്നൊരു ചിത്രവും ലോഹിതദാസ് പ്ലാൻ ചെയ്തിരുന്നു. കൊടുങ്ങല്ലൂർ ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിലെ ഏതാനും സീനുകളും ഷൂട്ട് ചെയ്തിരുന്നെങ്കിലും ആ ചിത്രം പൂർത്തിയാക്കാൻ ലോഹിതദാസിന് സാധിച്ചില്ല.
‘ചെമ്പട്ടി’ന്റെ ഷൂട്ടിനിടെ പകർത്തിയ മീരയുടെ ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ചുവന്ന പട്ടുസാരിയും കയ്യിൽ വാളും അരപ്പട്ടയും കിലുക്കി ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിന്റെ വേഷത്തിലാണ് മീര ചിത്രങ്ങളിൽ. മീരയ്ക്ക് നിർദ്ദേശം നൽകുന്ന ലോഹിതദാസിനെയും ചിത്രങ്ങളിൽ കാണാം. ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
Read more: ഇനിയിവിടെ കാണും, വിജയദശമി നാളിൽ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി മീര; വീഡിയോ
അതിനിടയിൽ, ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയ മീര, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.
വിജയദശമി ദിനത്തിൽ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തിരിക്കുകയാണ് മീര. “വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.
മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്,” മീര തിരിച്ചെത്തിയ സന്തോഷം പങ്കുവച്ച് സത്യൻ അന്തിക്കാട് കുറിച്ചു.

അടുത്തിടെ യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുടിയെല്ലാം സ്ട്രെയ്റ്റൻ ചെയ്ത് പുതിയ ലുക്കിലുള്ള മീരയെ ആണ് ചിത്രത്തിൽ കാണുക.