തമിഴ് സിനിമാലോകത്ത് ആഘോഷിക്കപ്പെട്ട ഒരുപാട് താരജോഡികളുണ്ട്. അതിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള ജോഡികളാണ് വിജയ് – സിമ്രാൻ, സൂര്യ- അസ്സിൻ എന്നിവർ. 2002ൽ പുറത്തിറങ്ങിയ ‘റൺ’ എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ – മാധവൻ ജോഡിയും സിനിമാസ്വാദകർക്കിടയിൽ സുപരിചിതമായി. ‘ആയുത എഴുത്’ എന്ന മണിരത്നം ചിത്രത്തിലും ഈ താര ജോഡിയെ തന്നെ ഹിറ്റ് സംവിധായകൻ തിരഞ്ഞെടുത്തു. മാധവൻ ബിസ്സ്നസ് കാരണങ്ങളാൽ തിരക്കിലായപ്പോൾ ഒമ്പത് വർഷങ്ങളായി തമിഴ് സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് മീര. ‘ടെസ്റ്റ്’ എന്ന ചിത്രത്തിലൂടെ ഈ താര ജോഡി വീണ്ടും ഒന്നിക്കുകയാണ്. നവാഗത സംവിധായകൻ ശശികാന്ത് ആണ് ചിത്രം ഒരുക്കുന്നത്.
2022 ൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെ മീര മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ജയറാം ആണ് ചിത്രത്തിലെ നായകൻ. ബോക്സ് ഓഫീസിൽ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ ചിത്രത്തിനായില്ല.
“ചുറ്റും ഒരുപാട് കാര്യങ്ങളിൽ മാറ്റം സംഭവിക്കുമ്പോഴും നമുക്ക് പരിചിതമായ സ്ഥങ്ങളിലേക്ക് തിരിച്ചെത്തുക എന്നത് സന്തോഷം നൽകുന്നയൊന്നാണ്. മാധവൻ, സിദ്ധാർത്ഥ്, നയൻതാര എന്നിവർക്കൊപ്പം കൈകോർക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം” ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് മീര കുറിച്ചു.
മീര ജാസ്മിൻ, മാധവൻ എന്നിവർക്കു പുറമെ, നയൻതാരയും സിദ്ധാർത്ഥും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ശക്തിശ്രീ ഗോപാലൻ സംഗീത സംവിധായികയായി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ടെസ്റ്റ്. ക്രിക്കറ്റ് പ്രമേയമാക്കി ഒരുക്കുന്ന ചിത്രമെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.