ഇൻസ്റ്റഗ്രാമിൽ വളരെ വൈകിയാണ് എത്തിയതെങ്കിലും ഓരോ ദിവസവും പുതിയ പോസ്റ്റുകളുമായി മീര ജാസ്മിൻ ആരാധകർക്ക് സന്തോഷമേകുന്നുണ്ട്. തന്റെ ട്രാവൽ ഡയറിയിൽനിന്നുള്ള ചിത്രമാണ് മീര ഇന്നു പോസ്റ്റ് ചെയ്തത്. ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റിൽവച്ച് പകർത്തിയ ചിത്രമാണിത്.
ചുവപ്പിൽ അതിസുന്ദരിയായ മീരയെയാണ് ചിത്രത്തിൽ കാണാനാകുക. സ്റ്റൈലിഷ് ലുക്കിലുള്ള മീരയുടെ ഫൊട്ടോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, അവധിക്കാലം ആഘോഷിക്കാൻ മീര എപ്പോഴാണ് ഹംഗറിയിലേക്ക് പോയതെന്ന് വ്യക്തമല്ല.
നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മീര എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകരും. വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങി നിരവധി സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച നായിക കൂടിയാണ് മീര ജാസ്മിൻ.
Read More: ‘എന്റെ ഭാഗ്യം’; സഹോദരന് പിറന്നാൾ ആശംസകൾ നേർന്ന് മീര ജാസ്മിൻ