നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്. ദിവസങ്ങൾക്ക് മുൻപ് ഇൻസ്റാഗ്രാമിലൂടെ മീര സോഷ്യൽ മീഡിയ ലോകത്തേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ, സഹോദരന്റെ പിറന്നാളിന് ഇൻസ്റ്റാഗ്രാമിലൂടെ ആശംസകൾ നേരുകയാണ് മീര ജാസ്മിൻ.
സഹോദരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മീരയുടെ പോസ്റ്റ്. “ഇന്നലെ എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ലവ് യു ജോ മോൻ കുട്ടാ” മീര കുറിച്ചു.
ഏറെ വൈകിയാണ് ഇൻസ്റ്റാഗ്രാമിൽ എത്തിയതെങ്കിലും വന്നപ്പോൾ മുതൽ ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് താരം. കഴിഞ്ഞ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഗ്ലാമർ ലുക്കിലുള്ള മീരയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.
അതിനു മുൻപ് ആരാധക സ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറയുന്ന വീഡിയോ താരം മീര പോസ്റ്റ് ചെയ്തിരുന്നു. സന്തോഷത്താൽ മതിമറന്ന് നൃത്തം ചെയ്യുന്ന മീര ജാസ്മിനെയാണ് വീഡിയോയിൽ കാണാനാവുക. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകളി’ലെ ഫൊട്ടോയാണ് മീര ഇൻസ്റ്റാഗ്രാമിൽ ആദ്യമായി ഷെയർ ചെയ്തത്.
കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മീര എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകരും. വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങി നിരവധി സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച നായിക കൂടിയാണ് മീര ജാസ്മിൻ. ‘മകൾ’ സിനിമയുടെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു. ജയറാം ആണ് ഈ ചിത്രത്തിലെ നായകൻ.