മലയാളികൾക്ക് മറക്കാനാവാത്തൊരു ചിത്രമാണ് അച്ചുവിന്റെ അമ്മ. 17 വർഷങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ചിത്രത്തിലെ എൽഐസി ഏജന്റ് കെ പി വനജയും മകൾ അച്ചുവും അഡ്വക്കേറ്റ് ഇമ്മാനുവൽ ജോൺ എന്ന ഇജോയും കുഞ്ഞല ചേട്ടത്തിയുമൊക്ക മലയാളികൾ എന്നും മനസ്സിലേറ്റുന്ന കഥാപാത്രങ്ങളാണ്. ചിത്രത്തിൽ നായിക അച്ചുവായി മീര ജാസ്മിൻ എത്തിയപ്പോൾ നായകനായത് നരെയ്ൻ ആയിരുന്നു.
വർഷങ്ങൾക്കു ശേഷം നരെയ്നെ വീണ്ടും കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് മീര ജാസ്മിൻ. “പുനഃസമാഗമങ്ങളെ സംബന്ധിച്ച ഏറ്റവും നല്ല കാര്യമിതാണ്, അവ നിങ്ങളെ ട്രൈം ട്രാവൽ ചെയ്യാൻ അനുവദിക്കുകയും നിങ്ങളുടെ പാതയിൽ ഊഷ്മളതയും ആർദ്രതയും പ്രകാശവും അനുഭവവേദ്യമാക്കുകയും ചെയ്യും. പ്രിയപ്പെട്ട നരെയ്ൻ, ആ അമൂല്യമായ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ചതിന് നന്ദി. നിങ്ങൾക്ക് ഏറ്റവും മികച്ചതല്ലാതെ മറ്റൊന്നും ഞാൻ ആശംസിക്കുന്നില്ല. കാരണം നിങ്ങൾ അതിന് തികച്ചും അർഹനാണ്,” നരെയ്ന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മീര കുറിച്ചു.
മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ എന്നീ ചിത്രങ്ങളിലും മീരയുടെ നായകനായിരുന്നു നരെയ്ൻ.
Read more: സ്നേഹമെന്ന് പേരുള്ളവൾ; രാധയെ ചേർത്തുപിടിച്ച് മീര ജാസ്മിൻ
മലയാളികളുടെ ഇഷ്ടതാരമായ മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തിരിച്ചുവരവ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരിൽനിന്നും ലഭിച്ചത്.