വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന മീര ജാസ്മിൻ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിജയദശമി ദിനത്തിലായിരുന്നു ഒരിടവേളയ്ക്ക് ശേഷം മീര ക്യാമറയ്ക്ക് മുന്നിലെത്തിയത്. സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെയാണ് മീരയുടെ മടങ്ങിവരവ്. സോഷ്യൽ മീഡിയയിലും വരവറിയിച്ചിരിക്കുകയാണ് താരം.
ഇൻസ്റ്റഗ്രാമിലാണ് മീര ജാസ്മിൻ അക്കൗണ്ട് തുടങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകളി’ലെ ഫൊട്ടോയാണ് മീര ഇൻസ്റ്റാഗ്രാമിൽ ആദ്യമായി ഷെയർ ചെയ്തത്.
മലയാളസിനിമയ്ക്ക് ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു മീര ജാസ്മിൻ എന്ന നടി. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ സിനിമയിലേക്ക് എത്തിയത്. ലോഹിതദാസിന് മീരയെ പരിചയപ്പെടുത്തിയത് ആകട്ടെ, സംവിധായകൻ ബ്ലെസിയും. മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ നൽകിയ താരം കൂടിയാണ് മീര. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.
Read More: സഹോദരിക്കൊപ്പം മീര ജാസ്മിൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ