ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം അഭിനയത്തിൽ സജീവമാകാനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നായിക മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീരയുടെ മടങ്ങി വരവ്. മകൾ ഏപ്രിൽ 29ന് റിലീസിനെത്തുകയാണ്.
മടങ്ങിവരവിനോട് അനുബന്ധിച്ച് ഇൻസ്റ്റഗ്രാമിലും വളരെ ആക്റ്റീവാണ് മീര ഇപ്പോൾ. മീര പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഗ്രാമഫോണിലെ ‘നിനക്കെന്റെ മനസ്സിലെ’ എന്നു തുടങ്ങുന്ന ഗാനം ഓർമ വരുന്നു. 2003ൽ നിന്നും 2022ൽ എത്തുമ്പോഴും നിങ്ങൾ അതേ രാജ്ഞി തന്നെ,” എന്നാണ് ചിത്രത്തിന് ഒരാൾ നൽകിയിരിക്കുന്ന കമന്റ്.
തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇടയ്ക്ക് മീര സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിൽ ജയറാം ആണ് മീരയുടെ നായകൻ. ‘മകൾ’ സിനിമയുടെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ മീര ജാസ്മിൻ പങ്കുവെച്ചത് ശ്രദ്ധനേടിയിരുന്നു. താരത്തിനൊപ്പം നടൻ ജയറാമും സംവിധായകൻ സത്യൻ അന്തിക്കാടും അദ്ദേഹത്തിന്റെ മകൻ അനൂപ് സത്യനും വീഡിയോയിൽ ഉണ്ട്.
2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മീരയെ പ്രധാന വേഷത്തിൽ അവസാനമായി കണ്ടത്. അതിനുശേഷം 2018 ൽ പുറത്തിറങ്ങിയ പൂമരം സിനിമയിൽ അതിഥിവേഷത്തിൽ മീര എത്തിയിരുന്നു.
Also Read: കണ്ടു നിന്നവരെ പോലും കരയിച്ച ജോജുവിന്റെ പ്രകടനം; ലൊക്കേഷൻ വീഡിയോയുമായി സംവിധായകൻ