വിവാഹത്തിനുശേഷം അഭിനയത്തിൽനിന്നും നീണ്ട ഇടവേളയെടുത്ത മീര ജാസ്മിൻ തിരിച്ചു വരവിനൊരുങ്ങുകയാണ്. ഏറെ നാളുകൾക്കുശേഷം കഴിഞ്ഞ ദിവസമാണ് മീര ജാസ്മിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്.
ഭ്രമം സിനിമയുടെ സ്ക്രീനിങ്ങിനെത്തിയ മീരയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ദുബായിൽ ചിത്രം തിയേറ്റർ റിലീസ് ചെയ്തിരുന്നു. ഇവിടെ നടന്ന സ്ക്രീനിങ്ങിനാണ് മീര എത്തിയത്. കറുത്ത സൽവാറിൽ അതിസുന്ദരിയായിരുന്നു മീര. ഉണ്ണി മുകുന്ദനൊപ്പവും മറ്റു ടീം അംഗങ്ങൾക്കുമൊപ്പവും ഫൊട്ടോയ്ക്ക് പോസ് ചെയ്തശേഷമാണ് മീര മടങ്ങിയത്.

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന സിനിമയിലൂടെയാണ് മീര മടങ്ങി വരവിന് ഒരുങ്ങുന്നത്. ശ്രീനിവാസൻ, ഇന്നസെന്റ്, സിദ്ധിഖ്, ദേവിക സഞ്ജയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ഷൂട്ടിങ് ഈ മാസം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
2016 പുറത്തിറങ്ങിയ 10 കൽപനകൾ സിനിമയിലാണ് മീര അവസാനമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2018 ൽ പുറത്തിറങ്ങിയ പൂമരം സിനിമയിൽ അതിഥി വേഷത്തിൽ മീര എത്തിയിരുന്നു.
Read More: ഏറെ നാളുകൾക്കു ശേഷം ക്യാമറയ്ക്ക് മുന്നിൽ മീര ജാസ്മിൻ; ആളാകെ മാറിയല്ലോ എന്ന് ആരാധകർ