തെന്നിന്ത്യയുടെ പ്രിയതാരമാണ് മീന. സിനിമയിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയ മീനയെ ആദരിക്കാനായി അടുത്തിടെ ഒരു ആഘോഷ പരിപാടിയും സംഘടിപ്പിച്ചിരുന്നു. രജനീകാന്ത് ഉൾപ്പെടെയുള്ള താരങ്ങൾ ആ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. പരിപാടിയ്ക്ക് ഇടയിൽ മകൾ നൈനിക മീനയെ കുറിച്ചും അമ്മയെ കുറിച്ചു കേൾക്കുന്ന വ്യാജ വാർത്തകളെ കുറിച്ചും മനസ്സു തുറക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്. പ്രിയപ്പെട്ടവന്റെ വേർപാടിന്റെ വേദനയിൽ നിന്നും കരകയറി സിനിമയിൽ സജീവമാകുകയാണ് മീന ഇപ്പോൾ. അതിനിടയിൽ മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നു, ധനുഷ് ആണ് വരൻ എന്നീ രീതിയിൽ ഏറെ വ്യാജവാർത്തകളും പ്രചരിച്ചിരുന്നു.
നൈനികയുടെ വാക്കുകൾ ഇങ്ങനെ.
“അമ്മയെ കുറിച്ച് എനിക്ക് ഒരുപാട് അഭിമാനമുണ്ട്, ഇത്രയേറെ കാര്യങ്ങൾ നേടിയെടുത്തതിന്, 40 വർഷമായി സിനിമയിൽ ഇത്രയേറെ കഠിനാധ്വാനം ചെയ്യുന്നതിന്. അവരൊരു നടിയാണ്, ഒരുപാട് കഷ്ടപ്പട്ട് വർക്ക് ചെയ്യും, പക്ഷേ വീട്ടിലേക്ക് വന്നാൽ അവര് എന്റെ അമ്മ മാത്രമാണ്, നടിയോ നായികയോ ഒന്നുമല്ല. 40 വർഷത്തെ ഈ സെലിബ്രേഷൻ അമ്മയെ ഹാപ്പിയാക്കുമെന്ന് എനിക്കറിയാം. രാവിലെ എണീക്കാത്തതിന് ഞാൻ സോറി പറയുന്നു, എനിക്ക് എഴുന്നേൽക്കാൻ പറ്റാത്തതുകൊണ്ടാണ്, ഞാൻ ട്രൈ ചെയ്യാം. ചിലപ്പോൾ അമ്മ വന്നു സംസാരിക്കുമ്പോൾ ഞാൻ ശ്രദ്ധിക്കാറില്ല, അത് ഞാൻ ബിസിയായി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നതുകൊണ്ടാണ്. ഇന്ന് രാവിലെയും അതാണുണ്ടായത്, സോറി. ഞാൻ വിജയിച്ച് നിങ്ങളെ പ്രൗഡ് ആക്കും. ഞാൻ നിങ്ങൾക്ക് വലിയൊരു വീടു വാങ്ങി തരും.
അപ്പ പോയതോടെ അമ്മ വളരെ ഡ്രിപഷനായിരുന്നു. ഒരുപാട് വേദനിച്ചു. അന്ന് ഞാൻ അമ്മയെ കുറേ സഹായിച്ചു. എന്റെ മുന്നിൽ അമ്മ കുറേ കരഞ്ഞു. കുട്ടിയായപ്പോൾ നിങ്ങളെന്നെയല്ലേ അമ്മാ നോക്കിയിരുന്നത്. ഇനി ഞാൻ നിങ്ങളെ കെയർ ചെയ്യും, നിങ്ങളെ നോക്കും.
നിറയെ ന്യൂസ് ചാനലുകൾ അമ്മയെ കുറിച്ച് ഫേക്ക് ന്യൂസ് എഴുതിയിരുന്നു. എന്റെ അമ്മ രണ്ടാമതും ഗർഭിണിയായെന്നായിരുന്നു ഒരു വാർത്ത. എനിക്കത് കണ്ട് തമാശയായാണ് തോന്നിയത്. പക്ഷേ അത്തരം ന്യൂസ് നിറയെ വരാൻ തുടങ്ങിയപ്പോൾ എനിക്ക് ഇഷ്ടമില്ലാതായി. എനിക്കുവേണ്ടി നിർത്തൂ. അമ്മ ഒരു നായികയായിരിക്കാം, പക്ഷേ നിങ്ങളെ പോലെ ഒരു മനുഷ്യൻ തന്നെയല്ലേ. അമ്മയ്ക്കും ഫീലിംഗ്സ് ഇരിക്കും. ഇങ്ങനെ ചെയ്യരുത്. നിങ്ങളോട് ആരെങ്കിലും ഇങ്ങനെ ചെയ്താൽ നിങ്ങൾ വിഷമമാവില്ലേ, അതുകൊണ്ട് ദയവായി ഇങ്ങനെ ചെയ്യരുത്,”
മീനയേയും രജനീകാന്തിനെയും ഉൾപ്പെടെ പരിപാടിയ്ക്ക് എത്തിയ എല്ലാവരുടെയും കണ്ണുകൾ നിറയിക്കുന്നതായിരുന്നു നൈനികയുടെ വാക്കുകൾ.