ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് നടി നമിത പ്രമോദ്. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്. ഇന്നലെയായിരുന്നു കഫേയുടെ ഉദ്ഘാടനം. താരങ്ങളായ അനു സിത്താര, രജിഷ വിജയൻ, മിയ, അപർണ ബാലമുരളി എന്നിവരും ഉദ്‌ഘാടനത്തിനെത്തിയിരുന്നു.
എന്നാൽ അവർ മാത്രമല്ല നമിതയുടെ പ്രിയ സുഹൃത്തും നടൻ ദിലീപിന്റെ മകൾ മീനാക്ഷിയും എത്തി. മീനാക്ഷിയ്ക്കൊപ്പം നാദിർഷായുടെ മക്കളായ ആയിഷയും ഖദീജയുമുണ്ടായിരുന്നു.

മീനാക്ഷിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് നമിത. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ നമിത ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല, ആയിഷയുടെ വിവാഹത്തിന് നമിതയും മീനാക്ഷിയും ഒന്നിച്ചെത്തിയ ചിത്രങ്ങളും വൈറലായിരുന്നു.

ചെന്നൈയിൽ എം ബി ബി എസിനു പഠിക്കുകയാണ് മീനാക്ഷി. അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.
2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. ‘സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോ’യാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.നമിത പ്രധാന വേഷത്തിലെത്തുന്ന ‘ആണ്’ എന്ന ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങൾ നേടിയിരുന്നു.