കോവിഡ് ലോക്ക്ഡൗൺ ആയതിൽ പിന്നെ സിനിമാ ഷൂട്ടിംഗുകളും യാത്രകളുമൊന്നുമില്ലാതെ വീടുകളിൽ തന്നെ കഴിഞ്ഞു കൂടുകയാണ് മിക്ക താരങ്ങളും. ഏഴുമാസങ്ങൾക്കു ശേഷമുള്ള ഒരു വിമാനയാത്രയുടെ അനുഭവം പങ്കുവയ്ക്കുകയാണ് മീന ഇപ്പോൾ. പി.പി.ഇ. കിറ്റ് അണിഞ്ഞുള്ള ചിത്രങ്ങളും മീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

“ബഹിരാകാശത്തേക്കുള്ള യാത്ര പോലെ തോന്നുമെങ്കിലും ഒരു യുദ്ധത്തിനു പോവുന്ന അനുഭവമാണ്. ഏഴുമാസങ്ങൾക്ക് ശേഷം യാത്ര ചെയ്യുന്നു. ശാന്തവും വിജനവുമായ എയർപോർട്ട് കണ്ട് ആശ്ചര്യം തോന്നി. പലരും എന്നെ പോലെ പിപി ഡ്രസ്സ് ധരിച്ചിട്ടില്ലെന്ന് കണ്ട് അതിശയവും. ഇതാണ് ധരിക്കാൻ ഏറ്റവും അസുഖകരമായ വസ്ത്രമെന്ന് ഞാൻ പറയും. കാലാവസ്ഥ തണുത്തതാണെങ്കിൽ കൂടി ഇതിനകത്ത് നമ്മൾ വിയർക്കും. നിങ്ങളുടെ മുഖം തുടയ്ക്കാൻ കഴിയില്ല, ഗ്ലൗസ് കൂടി അണിയുമ്പോൾ പ്രത്യേകിച്ചും. രാവും പകലും ഇതിനകത്ത് ജീവിക്കുന്ന ആരോഗ്യപ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വളരെയധികം അസ്വസ്ഥതകൾക്കിടയിലും അവർ നമ്മുടെ വേദനകൾ മനസ്സിലാക്കുകയും നമ്മളെ പരിപാലിക്കുകയും ചെയ്യുന്നു. അവരോടുള്ള എന്റെ ബഹുമാനം കൂടിയിരിക്കുന്നു. സഹജീവികളോടുള്ള നിങ്ങളുടെ നിസ്വാർത്ഥമായ സേവനത്തിന് നന്ദി.”

മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ‘ദൃശ്യം 2’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ പുനരാരംഭിച്ചിരുന്നു. ‘ദൃശ്യ’ത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യാനാണ് മീനയുടെ യാത്രയെന്ന അനുമാനത്തിൽ ആശംസകൾ അറിയിക്കുകയാണ് ആരാധകർ.

Read more: ‘ദൃശ്യം 2’ചിത്രീകരണം ആരംഭിച്ചു; ജോർജുകുട്ടിയാവാൻ തയ്യാറായി മോഹൻലാൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook