മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മീന. തെന്നിന്ത്യയിൽ പോപ്പുലർ താരങ്ങളിലൊരാള മീന സിനിമാമേഖലയിൽ നാൽപ്പതു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ബിഹൈൻഡ് വുഡ്സ് എന്ന ഓൺലൈൻ ചാനൽ സംഘടിപ്പിച്ച മീന @40 എന്ന പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
രജനികാന്ത് ആണ് ഷോയിൽ വിശിഷ്ടാതിഥിയായി എത്തിയത്. മീനയ്‌ക്കൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹം വേദിയിൽ പങ്കുവയ്ക്കുന്നുണ്ട്. അതിനിടയിൽ സൂപ്പർസ്റ്റാനിനോട് ഉമ്മ ചോദിക്കുന്നുണ്ട് മീനയുടെ മകൾ നൈനിക. അങ്കിൾ എനിക്കൊരു ഉമ്മ തരുമോ എന്നാണ് നൈനിക ചോദിക്കുന്നത്. നൈനികയെ ചേർത്തുപിടിക്കുകയാണ് താരം. മീനയുടെ ആദ്യം റിലീസിനെത്തിയ ചിത്രത്തിലെ നായകൻ രജനികാന്തായിരുന്നു. അന്ന് ആറു വയസ്സായിരുന്നു മീനയുടെ പ്രായം.
ബോണി കപൂർ, കങ്കണ, ശരത് കുമാർ, രാധിക ശരത്കുമാർ, സുഹാസിനി, ഖുശ്ബു, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സ്നേഹ-പ്രസന്ന, പൂർണിമ ഭാഗ്യരാജ് എന്നിവരും മീനയ്ക്കു ആശംസകളറിയിക്കുന്നുണ്ട്. മീനയുടെ മകൾ നൈനികയെയും വീഡിയോയിൽ കാണാം. തനിക്ക് ഈ വേദിയിൽ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് തന്റെ അച്ഛനെയും ഭർത്താവിനെയുമാണെന്നും മീന പറയുന്നുണ്ട്. 2022 ലാണ് മീനയുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ബാലനടിയായി എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയായി മാറിയ നടി മീന. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായി അരങ്ങേറ്റം കുറിച്ച താരമാണ് നടി മീന. 1982ൽ ‘നെഞ്ചങ്ങൾ ‘എന്ന ശിവാജി ഗണേശൻ ചിത്രത്തിൽ ബാലതാരമായി കൊണ്ടായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുൾപ്പെടെ 45 ൽ ഏറെ ചിത്രങ്ങളിൽ മീന ബാലതാരമായി അഭിനയിച്ചു. മമ്മൂട്ടി നായകനായ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’, മോഹൻലാൽ നായകനായ ‘മനസ്സറിയാതെ’ തുടങ്ങിയ മലയാളചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചിരുന്നു.
‘ഒരു പുതിയ കഥൈ’ (1990) എന്ന ചിത്രത്തിലൂടെയാണ് മീന പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘സാന്ത്വനം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മീന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ‘ഡ്രീംസി’ൽ അഭിനയിച്ചു. ‘സാന്ത്വന’ത്തിലെ ഉണ്ണീ വാവാവോ എന്ന പാട്ടുകേൾക്കുമ്പോൾ മലയാളികൾ ഇന്നും ഓർക്കുന്ന മുഖങ്ങളിലൊന്നും മീനയുടേതാവും.
വർണപകിട്ട്, കുസൃതിക്കുറുപ്പ്, ഒളിമ്പ്യൻ അന്തോണി ആദം, ഫ്രണ്ട്സ്, രാക്ഷസരാജാവ്, മിസ്റ്റർ ബ്രഹ്മചാരി നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, കറുത്തപക്ഷികൾ, ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഷൈലോക്ക് തുടങ്ങി ഒരുപിടി വിജയചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനടിയായി മാറുകയായിരുന്നു മീന. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്.