തെന്നിന്ത്യയുടെ ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മീന. മലയാളത്തില്‍ ഇപ്പോഴും മോഹന്‍ലാലിനൊപ്പം പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു നടികൂടിയാണ് മീന. 1991ല്‍ സുരേഷ് ഗോപി നായകനായ സാന്ത്വനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്ത മീന ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം 2017ല്‍ പുറത്തിറങ്ങിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ഇപ്പോഴിതാ തമിഴില്‍ ഒരു വെബ് സീരീസുമായി മീന എത്തുന്നു. ‘കരോളിന്‍ കാമാക്ഷി’ എന്നാണ് വെബ് സീരീസിന്‌റെ പേര്. ഇതിന്‌റെ ടീസര്‍ കഴിഞ്ഞ ദിവസം മീന തന്നെ പുറത്തു വിട്ടിരുന്നു.

Read More: ‘യമുനൈ ആട്രിലെ’ കേട്ട് ശോഭന ചിരിച്ചു, എന്നിലെ ആരാധകന്റെ മനസ്സ് നിറഞ്ഞു

സീ5ന് വേണ്ടി ഒരുക്കുന്ന വെബ്‌സീരീസിലാണ് മീന ഒരു സിബിഐ ഉദ്യോഗസ്ഥയായി വേഷമിടുന്നത്. ഇറ്റാലിയന്‍ മോഡല്‍ ജോര്‍ജിയ ആന്‍ഡ്രിയാനിയുമുണ്ട് മീനയ്‌ക്കൊപ്പം. മീന കാമാക്ഷിയാകുമ്പോള്‍ കരോളിനാകുന്നത് ജോര്‍ജിയയാണ്. വിവേക് കുമാര്‍ കണ്ണനാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. മീന ടീസര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോള്‍ ആശംസകളുമായി സുഹൃത്തും നടിയുമായ രംഭയും രംഗത്തെത്തി.

 

View this post on Instagram

 

Karoline Kamakshi teaser @zee5

A post shared by Meena Sagar (@meenasagar16) on

രണ്ട് സ്വഭാവക്കാരായ എന്നാല്‍ ഒരേ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് കരോളിനും കാമാക്ഷിയും. കാമാക്ഷി ഇന്ത്യക്കാരിയും കരോളിന്‍ ഫ്രഞ്ചുമാണ്. സിബിഐ ഉദ്യോഗസ്ഥനായിരുന്ന പിതാവിന്‌റെ മരണത്തിനു ശേഷം കാമാക്ഷിക്ക് ആ ജോലി ലഭിക്കുകയാണ്. തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മീനാക്ഷിക്ക് ഈ ജോലി തീരെ താത്പര്യമില്ലെങ്കിലും അവരുടെ ബുദ്ധിയും കഴിവും അവരെ ഒരു മികച്ച ഉദ്യോഗസ്ഥയാക്കുന്നു. അവധിക്കാലം ആഘോഷിക്കാന്‍ പോണ്ടിച്ചേരിയില്‍ എത്തുന്ന കരോളിന്‍ തന്റെ സീനിയര്‍ ഉദ്യോഗസ്ഥന്റെ നിര്‍ബന്ധ പ്രകാരം ഒരു അസൈമെന്റ് ഏറ്റെടുക്കാന്‍ തയ്യാറാകുന്നു. അവിടെ വച്ച് കരോളിനെ സഹായിക്കുന്നത് കാമാക്ഷിയാണ്. വ്യത്യസ്ത സ്വഭാവക്കാരായ ഇരുവരും ചേര്‍ന്ന് ഒരു കേസിന് പുറകെ പോകുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കരോളിന്‍ കാമാക്ഷി പറയുന്നത്.

മോഹന്‍ലാല്‍ നായകനായി 1997ല്‍പുറത്തിറങ്ങിയ വര്‍ണപ്പകിട്ട് എന്ന ചിത്രമാണ് മീനയ്ക്ക് മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തത്. പിന്നീട് കുസൃതിക്കുറുപ്പ്, ഫ്രണ്ട്‌സ്, ഒളിമ്പ്യന്‍ അന്തോണി ആദം, ഡ്രീംസ്, രാക്ഷസരാജാവ് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായികയായി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ക്കൊപ്പമാണ് മലയാളത്തില്‍ മീന ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook