ഗോവയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) സംഘടിപ്പിച്ച ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ (എൻഎഫ്ഡിസി) മാനേജിംഗ് ഡയറക്ടർ രവീന്ദർ ഭകറിനെ ചുമതലയിൽ നിന്ന് ഒഴിവാക്കി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) തലവനായി രവീന്ദർ ഭകർ തുടരും.
ജനുവരി 11ന് പുറപ്പെടുവിച്ച ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉത്തരവ് പ്രകാരം, എൻഎഫ്ഡിസിയുടെ ഇടക്കാല ചുമതല ജോയിന്റ് സെക്രട്ടറി (ഫിലിംസ്) പൃഥുൽ കുമാറിനായിരിക്കും. ആറ് മാസത്തേക്കോ മുഴുവൻ സമയ എംഡിയെ നിയമിക്കുന്നതുവരെയോ കുമാർ ചുമതല വഹിക്കും. നിലവിൽ അഞ്ച് വർഷത്തേക്ക് ഐ ആൻഡ് ബി മന്ത്രാലയത്തിൽ ഡെപ്യൂട്ടേഷനിലാണ് 2000 ബാച്ചിലെ ഐആർടിഎസ് ഉദ്യോഗസ്ഥനായ കുമാർ.
2022 നവംബറിൽ ഗോവയിൽ നടന്ന ഐഎഫ്എഫ്ഐയിൽ, ഇസ്രായേലി ചലച്ചിത്ര നിർമ്മാതാവും ജൂറി അംഗവുമായ നദവ് ലാപിഡ്,
സമാപന വേദിയിൽ വെച്ച് ‘കാശ്മീർ ഫയൽസ്’ എന്ന ചിത്രത്തെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തതിനെ വിമർശിച്ചിരുന്നു. ചിത്രത്തെ ‘പ്രചാരണവും അശ്ലീലവും’ (propaganda and vulgar) എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മത്സര വിഭാഗത്തിൽ ഇത് ഉൾപ്പെടുത്തിയതിൽ താൻ ഞെട്ടിപ്പോയെന്നും അസ്വസ്ഥനാണെന്നും (shocked and disturbed) പറഞ്ഞു.
കേന്ദ്ര വാർത്താ വിനിമയ മന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർക്ക് മുമ്പാകെ നടന്ന ഈ പരാമർശം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചിരുന്നു.