/indian-express-malayalam/media/media_files/uploads/2017/12/aishqarya-lekshmi-featured.jpg)
'മായാനദി കണ്ടാല്‍ നിങ്ങള്‍ക്ക് ഡിപ്രഷനൊന്നും വരില്ല, ചിലപ്പോള്‍ നന്നായി ഒന്നു പ്രേമിക്കാന്‍ സാധ്യതയുണ്ട്. നന്നായിത്തന്നെ.' ആത്മവിശ്വാസത്തോടെയാണ് ഐശ്വര്യ ലക്ഷ്മി സംസാരിക്കുന്നത്. 'സെക്‌സ് ഈ നോട്ട് എ പ്രോമിസ്' എന്ന് സമൂഹത്തിന്‍റെ മുഖത്തു നോക്കി ഇതേ ആത്മവിശ്വാസത്തോടെയാണ് സിനിമയിലെ നായിക അപ്പു എന്ന അപര്‍ണയും പറയുന്നത്.
'അപ്പു അത്ര ബോള്‍ഡായ പെണ്‍കുട്ടിയൊന്നുമല്ല. അവളുടേതായ അരക്ഷിതത്വ ബോധങ്ങള്‍ ഉണ്ട്, പേടികളുണ്ട്. അപര്‍ണയെ ഒരു സത്യമുള്ള പെണ്‍കുട്ടി എന്നു വിളിക്കാനാണ് എനിക്കിഷ്ടം. ഒരു അതിഭാവുകത്വവുമില്ലാത്ത വളരെ 'ജെനുവിനാ'യ കഥാപാത്രമാണത്.
ഇന്നത്തെ കാലത്ത് ഒരുപാട് അപര്‍ണമാരെ നമുക്ക് കാണാം. ജീവിതം കൊരുത്തെടുക്കുന്നതിനിടയില്‍ സാഹചര്യങ്ങള്‍ അവളെ ബോള്‍ഡാകാന്‍ പ്രേരിപ്പിക്കുകയാണ്. അപ്പു ഒരു സര്‍വൈവറാണ്. ചിത്രത്തിന്‍റെ തുടക്കത്തില്‍ പറയുന്നുണ്ട് 'ഐ ഡിസേര്‍വ് എ ബെറ്റര്‍ ലൈഫ്' എന്ന്. അത് ഇന്നത്തെ ഒട്ടുമിക്ക പെണ്‍കുട്ടികള്‍ക്കും അറിയാം. എത്രയോ പേര്‍ സംസാരിക്കുമ്പോള്‍ ഇപ്പോളെന്നെ ഐശ്വര്യ എന്നല്ല, അപര്‍ണ എന്നാണ് വിളിക്കുന്നത്. അതു കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. ഈ കഥാപാത്രം ഇത്രയും നന്നായതിന്‍റെ ഫുള്‍ ക്രെഡിറ്റ് തിരക്കഥാകൃത്തുക്കള്‍ക്കാണ്.'
ടിപ്പിക്കല്‍ നായിക-നായക സങ്കല്‍പ്പങ്ങളില്‍ നിന്നും, ഇതുവരെ സിനിമകളില്‍ കണ്ടു പരിചയിച്ച വാര്‍പ്പുമാതൃകകളില്‍ നിന്നും വഴിമാറിമാറിയാണ് മായാനദി ഒഴുകുന്നത്.
'മായാനദിയുടെ പല റിവ്യൂസും വായിച്ച് ഞാന്‍ കരഞ്ഞു. സിനിമയേക്കാള്‍ മനോഹരമായി, ഒരു കവിത പോലെയാണ് പലരും റിവ്യൂ എഴുതിയിരിക്കുന്നത്. ഇതൊരു സ്‌നേഹമുള്ള സിനിമയാണ്, സത്യമുള്ള സിനിമയാണ്. ഒരു മനോഹരമായ അനുഭവമാണ്. പക്ഷെ ഒരുപാട് പ്രതീക്ഷകളോടെ നിങ്ങളിത് കാണാന്‍ പോകരുത്. അപ്പോള്‍ മാത്രമേ മുഴുവനായി ആ ചിത്രത്തെ അനുഭവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കൂ. എടുത്തു പറയേണ്ട മറ്റൊന്ന് ചിത്രത്തിലെ പാട്ടുകളാണ്. ഒരു ആസ്വാദക എന്ന നിലയില്‍ ഞാന്‍ ആ പാട്ടുകള്‍ക്ക് അടിമപ്പെട്ടു.'
ഇതിനോടകം തന്നെ മൂന്നു തവണ താന്‍ മായാനദി കണ്ടുവെന്ന് ഐശ്വര്യ
'എന്‍റെ സിനിമയായതുകൊണ്ടല്ല. സത്യസന്ധമായ ഒരു ചിത്രമാണത്. അതുകൊണ്ട് മൂന്നു തവണ ഇപ്പോള്‍ തന്നെ കണ്ടു കഴിഞ്ഞു.
മായാനദിക്കെതിരെ ഓണ്‍ലൈനില്‍ പല പ്രചരണങ്ങളും നടക്കുന്നുണ്ട്. അതിന്‍റെ കാരണങ്ങള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.
ഒരു സിനിമ കാണാനും കാണാതിരിക്കാനുമുള്ള പൂര്‍ണ അധികാരം പ്രേക്ഷകരുടേതാണ്. പക്ഷെ കാണില്ലെന്നു പറയുന്നവരുടെ കാരണങ്ങളാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. സിനിമ ഇഷ്ടമാകാത്തതുകൊണ്ട് നിങ്ങള്‍ക്കതിനെ റിജക്ട് ചെയ്യാം. അതിനൊരു സത്യമുണ്ട്. പക്ഷെ, സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കാരണങ്ങള്‍ നിരത്തി ഞങ്ങളീ ചിത്രത്തെ ബഹിഷ്‌കരിക്കുന്നു എന്നു പറയുമ്പോള്‍ എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളു, നിങ്ങള്‍ക്ക് നഷ്ടമാകുന്നത് മികച്ചൊരു സിനിമാനുഭവമാണ്.'
'മായാനദി മുന്നോട്ടുവയ്ക്കുന്നത് സ്‌നേഹത്തിന്‍റെ രാഷ്ട്രീയമാണ്. സിനിമ കണ്ടിറങ്ങുമ്പോള്‍ മറ്റൊന്നുമല്ല, അപ്പുവിന്‍റെയും മാത്തന്‍റെയും പ്രണയമായിരിക്കും നിങ്ങളെ പിന്തുടരുക. കണ്ടവരൊക്കെ പറയുന്നതും അതുതന്നെയാണ്. കഴിഞ്ഞ ദിവസം എന്‍റെ സുഹൃത്തിന്‍റെ അമ്മയ്‌ക്കൊപ്പം ഞാന്‍ സിനിമ കാണാന്‍ പോയിരുന്നു. സിനിമ കഴിഞ്ഞ് അവര്‍ കരഞ്ഞുകൊണ്ടെന്നോടു പറഞ്ഞു ഒത്തിരി ഇഷ്ടമായെന്ന്. സിനിമയെക്കുറിച്ച് വലിയ റിവ്യൂ എഴുതാനൊന്നും അറിയില്ല അവര്‍ക്ക്. പക്ഷെ, സത്യസന്ധമായ അഭിപ്രായമാണത്. ഉള്ളില്‍ തട്ടിയാണ് അവരത് പറഞ്ഞത്.'
മായാനദിയില്‍ മാത്തന്‍ അപ്പുവിനോട് ചോദിക്കുന്നുണ്ട് 'ഞാനൊരു ഉമ്മ തരട്ടെ' എന്ന്. 'ആയിട്ടില്ല' എന്നായിരുന്നു അപ്പുവിന്‍റെ മറുപടി. ഇതുതന്നെയായിരുന്നു സ്വയം ഒരു നടി എന്നു വിളിക്കാറായോ എന്ന് ചോദിച്ചപ്പോള്‍ ഐശ്വര്യയുടെ മറുപടിയും,'ആയിട്ടില്ല.'
'അന്യഭാഷകളില്‍ നിന്നുള്‍പ്പെടെ അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷെ തത്ക്കാലം ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' കഴിഞ്ഞപ്പോള്‍ ഞാന്‍ തീരുമാനിച്ചിരുന്നു ചിത്രം റിലീസ് ആയതിനു ശേഷമേ അടുത്ത ചിത്രത്തില്‍ അഭിനയിക്കൂവെന്ന്. എന്നാല്‍ മായാനദിയുടെ സ്‌ക്രിപ്റ്റ് അത്രയ്ക്ക് മനോഹരമായതുകൊണ്ട് എനിക്കത് വേണ്ടെന്നു വയ്ക്കാന്‍ തോന്നിയില്ല. ഓഡീഷനിലൂടെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. ഈ സിനിമ കഴിഞ്ഞപ്പോള്‍ ഒരു വ്യക്തി എന്ന നിലയില്‍ എനിക്കെന്നോട് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്നു തോന്നി. അപര്‍ണയില്‍ നിന്നും ഐശ്വര്യയ്ക്ക് പഠിക്കാന്‍ ഒരുപാടുണ്ട്. വൈകാരികമായി വളരെ സ്‌ട്രോങായ ഒരു കഥാപാത്രമാണ് അപര്‍ണ. എന്നുവച്ച് അവള്‍ക്ക് സങ്കടം വരില്ലെന്നോ കരയില്ലെന്നോ അല്ല. ഒരു മനുഷ്യനുണ്ടാകുന്ന എല്ലാ തരം വികാരങ്ങളും അപ്പുവിനുമുണ്ട്. പക്ഷെ അതില്‍ തളര്‍ന്നു നില്‍ക്കാതെ മുന്നോട്ടുപോകാനുള്ള ഊര്‍ജവും കണ്ടെത്തുന്നുണ്ട് ആ കഥാപാത്രം. ബേസിക്കലി അപര്‍ണയും ഐശ്വര്യയും സര്‍വൈവേഴ്‌സ് ആണ്. ഏതു സാഹചര്യത്തിലും പിടിച്ചു നില്‍ക്കാനുള്ള ശ്രമം ഞാനും നടത്താറുണ്ട്.'
ജീവിതത്തിലും സിനിമയിലും ഐശ്വര്യയ്ക്ക് ഉത്തരവാദിത്തങ്ങള്‍ കൂടി. ഇനി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോഴും അത് മനസ്സില്‍ ഉണ്ടാകുമെന്ന് ഐശ്വര്യ.
'സ്ത്രീകേന്ദ്രീകൃതമായ കഥാപാത്രമേ ചെയ്യൂ, അല്ലെങ്കില്‍ ഒരുപാട് സ്‌ക്രീന്‍ സ്‌പേസും ഡയലോഗും വേണം എന്നൊന്നുമില്ല. പക്ഷെ എന്‍റെ കഥാപാത്രം ആ സിനിമയ്ക്ക് എന്തെങ്കിലും വാല്യൂ നല്‍കുന്നതായിരിക്കണം.'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.