അലോസരമില്ലാതെ കണ്ടിരിക്കാവുന്ന സിനിമയാണ് മായാനദി. ടൊവിനോയുടെ മാത്തനും ഐശ്വര്യ ലക്ഷ്മി യുടെ ആപ്‌സ് എന്ന അപര്‍ണ്ണയും അഭിനയത്തിന്റെ നല്ല മുഹൂര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കുന്നുണ്ട്.

ഉള്ള പരിക്കുകള്‍ തന്നെ ധാരാളമായതിനാല്‍ ഇനിയും പരിക്കു പറ്റാതിരിക്കാന്‍ വേണ്ടി മാത്രം ഉള്ളിലുള്ള ശക്തമായ പ്രണയത്തെ പ്രതിരോധിക്കാന്‍ നോക്കുകയും അതിനായി കാരണങ്ങള്‍ കണ്ടു പിടിച്ചു കഷ്ടപ്പെടുകയും സന്തോഷക്കൂടുതലിന്റെ നേരത്ത് മനസ്സിന്റെ
തുള്ളിത്തുളുമ്പലിനെ ശരീരങ്ങളുടെ കെട്ടുപിണയലായി ആഘോഷിച്ചുതീര്‍ക്കുകയും, ‘Sex is not a promise’ എന്ന ചിരി കൊണ്ട് വിവാഹം എന്ന ആശയത്തെ നിരാകരിക്കുകയും ചെയ്യുന്ന അപര്‍ണ്ണ, രസമുള്ള, തലയെടുപ്പുള്ള കഥാപാത്രമാണ്. ഇതുവരെ ആണു പറഞ്ഞിരുന്ന വാചകമാണ് ഈ സിനിമയില്‍ പെണ്ണു പറയുന്നത് എന്നത് പെണ്ണിനെ കുറിച്ചുള്ള സ്ഥിരം സങ്കല്‍പ്പങ്ങളുടെ പഴയ പടങ്ങളെ പൊഴിച്ചുകളയാനുള്ള മധുരിക്കുന്ന ഒരു ശ്രമമാണ്.

ആണ്‍ പെണ്‍ ഇഷ്ടത്തില്‍ ശരീരത്തിനുള്ള ഇടം അടയാളപ്പെടുത്താന്‍ മടിയില്ലാത്ത അപര്‍ണ്ണ, അമ്മയെപ്പോലും ഒരു സോറി കൊണ്ട് ഒളിച്ചോട്ടമില്ലാതെ അഭിമുഖീകരിയ്ക്കുന്നതിലുമുണ്ട് മലയാള സിനിമ ഇതുവരെ കാണിക്കാത്ത പ്രത്യേകത. പക്ഷേ ഒരു പ്രോസ്റ്റിറ്റ്യൂട്ട് വിളിയില്‍ അവള്‍ ഉലയുന്നത് പഴയതിലേക്കുള്ള തിരിച്ചുപോക്കായില്ലേ എന്നു സംശയം. അവളുടെ ജൈവ നിര്‍മ്മിതിയില്‍ അങ്ങനെയൊരു കോശമുണ്ടാകാന്‍ തീരെയും വഴിയില്ല എന്ന് സിനിമയെടുത്ത ആണുങ്ങള്‍ക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം.!

മാത്തന്‍ മുതിര്‍ന്ന് പ്രായം വെച്ച് പക്വമതിയായിത്തീരാന്‍ വേണ്ടിയാണ് അപര്‍ണ്ണ, കാലം കൊണ്ട് കളിച്ച് മാറിനില്‍ക്കുന്നത് എന്ന അവളുടെ സ്‌നേഹം ഒളിച്ചുവച്ച മനോഭാവം ഐശ്വര്യ ലക്ഷ്മിയുടെ കൈയിലും കണ്ണിലും ചുണ്ടിലും കൂസലില്ലായ്മയിലും ഭദ്രമാണ്. ഈ സിനിമയില്‍ മനുഷ്യരെല്ലാം പറയുന്ന സംഭാഷണങ്ങള്‍ക്ക് ജീവിതത്തിന്റെ പച്ച മണവും അനായാസമായ പുഴ ഒഴുക്കും ഉണ്ട്. ഇന്നത്തെ മലയാള സിനിമയുടെ ഏറ്റവും എടുത്തുപറയേണ്ട, ഗുണകരമായ, ആശ്വാസകരമായ മാറ്റം ഇതുതന്നെയാണ്. പറവയും തൊണ്ടിമുതലുമൊക്കെ കൊണ്ടുവന്ന വഴിയാണത്.

mayanadi, tovino thomas, aiswarya lakshmi, ashique abu,malayalam film

പക്ഷേ കഥകളുടെ കൂമ്പാരങ്ങളാകണം സിനിമ എന്ന കാലാകാലങ്ങളായി മലയാള സിനിമ വച്ചു പുലര്‍ത്തുന്ന സ്ഥിരം സങ്കല്‍പ്പത്തില്‍ നിന്ന്, നവസിനിമയുടെ അപ്പോസ്തലന്മാരായി വാഴ്ത്തപ്പെടുന്ന അമല്‍ നീരദും (മൂലകഥ), ശ്യാം പുഷ്‌ക്കരനും ദീലീഷ് നായരും (തിരക്കഥ) ആഷിക് അബുവും (സംവിധാനം ) ഒന്നും രക്ഷപ്പെട്ടിട്ടില്ല എന്ന വസ്തുതയാണ് മായാനദി ഉറക്കെ വിളിച്ചുപറയുന്നത്. തമിഴോ ഹിന്ദിയോ പറഞ്ഞാല്‍ മാത്രമേ വിശ്വാസയോഗ്യമാകൂ അധോലോകം എന്ന ക്‌ളീഷേ ചുഴിയില്‍ക്കിടന്നു വട്ടം കറങ്ങുന്നുണ്ട് മായാനദി.

പഴയ സിനിമകളുടെ സ്ഥിരം കെട്ടുകാഴ്ചയായ ഇത്തരം സങ്കല്‍പ്പപടങ്ങളെ പൊഴിച്ചുകളയുന്നതില്‍ ഈ സിനിമ വിജയിക്കുന്നുണ്ടോ എന്നത് ഒരു വലിയ ചോദ്യമാണ് . പിന്‍ജീവിതം പൊഴിച്ചു കളയാന്‍ ആഗ്രഹിക്കുമ്പോഴും അതിനു സാധിക്കാതെ പോകുന്ന, പഴയ കറപ്പാടുകള്‍ പിന്‍തുടരുകയാല്‍ ഒരു നന്മയും കൈപ്പിടിയില്‍ ഒതുക്കാനാകാതെ പോകുന്ന മാത്തനും ആശാനും എന്ന അധോലോക കഥയില്‍ എന്തു പുതുമയാണുള്ളത്!

എടുത്താല്‍ പൊങ്ങാത്ത കുടുംബഭാരം ഒട്ടും നട്ടെല്ലു വളയ്ക്കാതെ ചുമക്കുന്ന നായിക, സാഹര്യങ്ങളുടെ ഇരയായിത്തീര്‍ന്ന നായകന്‍, ഇതൊക്കെ സിനിമാപ്പതിവുകളിലെ ചുഴികള്‍ തന്നെയല്ലേ. ഇവരുടെ പ്രണയത്തിലെ വേലിയേറ്റ വേലിയിറക്കങ്ങളിലേയ്ക്ക് ജീവിതവാഞ്ഛയുടെ പല പല രൂപങ്ങള്‍ കടന്നുവരുന്നു . ജീവിക്കാന്‍ പണം വേണം എന്ന ചിന്തയുടെ പുറകേ രണ്ടു വിഭിന്ന മനോഭാവങ്ങളോടെ ഓടുമ്പോള്‍ സംഭവിക്കാവുന്ന ചതവുകള്‍ക്കൊടുവില്‍ ജീവിതം ഒരു മായാനദിപോലെ വിഭ്രമിപ്പിച്ചു കടന്നു പോകുന്നതാവാം ഇവിടെ പറയാനുദ്ദേശിച്ചത്. ഇവിടെ പക്ഷേ, ഒരു വലിയ പക്ഷേ കടന്നു വരുന്നുണ്ട്.

ലിയോണ ലിഷോയ്    നടിയായി  അഭിനയിച്ച സിനിമയും  അതേച്ചൊല്ലിയുള്ള അവളുടെ ഇക്കയുടെ സംഹാര താണ്ഡവവും സിനിമയില്‍ നിന്നെന്നേയ്ക്കുമായുള്ള അവളുടെ പിന്‍മാറ്റവും കൗണ്‍സലിങ് കേമിയായ കൂട്ടുകാരിയുടെ യാതൊരു ദര്‍ശനവുമില്ലാത്ത ചുമ്മാ ദൃക്‌സാക്ഷി നില്‍പ്പും പിന്‍വാങ്ങല്‍നടി പിന്‍ഗാമിനടിയ്ക്ക് കൊടുക്കുന്ന ചിരിയുണര്‍ത്തുന്ന കോമാളിയുപദേശങ്ങളും കാണിച്ച് സിനിമയില്‍ സ്ത്രീയുടെ വിലയില്ലായ്മ എന്ന വിഷയത്തെ ഹാസ്യാത്മകമായി ചിത്രീകരിയ്ക്കാനോ മറ്റോ സംവിധായകന്‍ ശ്രമിച്ചപ്പോള്‍, അതിലൂടെ ചോര്‍ന്നു പോയത് അപര്‍ണ്ണയുടെ കഥയുടെ പിരിമുറുക്കമാണ്, മാത്തന്റെ ജീവിതപ്രതിസന്ധികളിലെ നിസ്സഹായതയുടെ ആഴമാണ്. സിനിമ തീരുമ്പോള്‍
നോവിയ്ക്കാതെ പ്രണയമൊഴുകിപ്പോകുന്നത് അതുകൊണ്ടാണ്.

കല്യാണവേദികളിലെ ആങ്കറിങും പരസ്യങ്ങള്‍ക്കായുള്ള മോഡലിങ്ങും അതിലൂടെയെല്ലാം ഉന്നം വയ്ക്കുന്ന ആത്യന്തിക ലക്ഷ്യമായ സിനിമയും എന്ന ചേരുവയിലെ നായികയുടെ കഥ പറയുമ്പോള്‍, അഭ്രപാളി ജീവിതത്തിനു പുറകിലെ കാഴ്ചകള്‍ സമൃദ്ധമായി വാരി വിതറണം എന്ന് മായാനദി ധരിച്ചുവച്ചില്ലായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ അതിനു തിരഞ്ഞെടുത്ത മാര്‍ഗ്ഗങ്ങളില്‍ വത്യസ്തതയും തെളിമയും ഉണ്ടായിരുന്നുവെങ്കില്‍ ഈ മായാനദി പ്രേക്ഷകനെ കൂടെ ഒഴുക്കിക്കൊണ്ടുപോയേനെ… പ്രണയനദി നമ്മളെ ഉലയ്ക്കാതെ വലയ്ക്കാതെ കടന്നു പോകുന്നതിനു കാരണം, ഏത് അമ്മാത്താണ് എത്തേണ്ടത് എന്ന കാഴ്ചപ്പാട് ഇല്ലാതെ പോയതുകൊണ്ടാണ് .

ലിജോ പല്ലിശ്ശേരി സംവിധായകനായും ഉണ്ണിമായ അസിസ്റ്റന്റ് ഡയറക്ടറായും അപര്‍ണ്ണ ബാലമുരളി നടിയായും യഥാര്‍ത്ഥ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് സിനിമ എന്ന മേഖലയിലെ സ്വപ്‌നങ്ങള്‍ക്കും സ്വപ്‌നഭംഗങ്ങള്‍ക്കും എന്തെങ്കിലും പ്രത്യേക ഡൈമെന്‍ഷന്‍ കൊടുക്കാനുപകരിച്ചോ എന്ന് പറയാനാവില്ല. ഒരു കൗതുക ഏടിനപ്പുറം സിനിമയുടെ മായാ ഒഴുക്കിന് എന്തെങ്കിലും സംഭാവന ചെയ്തോ എന്നതും.

ആക്ഷന്‍ ത്രില്ലറിന്റെ ചോരമണത്തില്‍ മുക്കിക്കൊന്നില്ല, തറഡയലോഗുകള്‍ തരിപോലുമില്ല കണ്ടുപിടിയ്ക്കാന്‍, സസ്‌പെന്‍സടിപ്പിച്ച് കൊന്നില്ല എന്നതൊക്കെ ഈ സിനിമയുടെ മേന്മകളാണ്. സമീറാ സനീഷിന്റെ വസ്ത്രാലങ്കാരവും ജയേഷ് മോഹന്റെ ക്യാമറയുടെ കലാപരതയും കൊണ്ട് സമ്പന്നമായ രണ്ടു പാട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇന്റര്‍വെലായി. റെക്സ് വിജയൻറെ സംഗീത സംവിധാനത്തിലെ പാട്ടുകളിൽ ഉളളിലേക്കിറങ്ങിയത് രണ്ടാം പകുതിയിലെ ഷഹബാസിന്റെ ഗാനവും  കൗണ്‍സലിങ് പെണ്‍കുട്ടിയുടെ ഹിന്ദി വരികളിലെ പശ്ചാത്തല സംഗീതമില്ലായ്മയിലെ സ്വപ്‌നത്തിന്റെ തീവ്രതയുമാണ് .

ഇത് ശരിയ്ക്കും നടന്ന കഥയാണ് എന്ന് അമല്‍ നീരദ്. ബാത്ടബ്ബിനെ സ്വപ്‌നം കണ്ടയാളുടെ സ്വപ്‌നങ്ങളും കൊണ്ട് ഒരു മോഹമായാനദി മായാജാലങ്ങളോടെ ഒഴുകിപ്പോയ കഥ, നാടോടിക്കഥ പോലെയായിരുന്നില്ലേ പറയേണ്ടത്?

ഫെയറിടെയിൽ പോലെ ഒരു സിനിമാ എടുക്കാനുദ്ദേശിയ്ക്കുന്ന പല്ലിശ്ശേരി സംവിധായകനെ കാണിയ്ക്കുന്ന സിനിമയില്‍ അതൊരു അസാദ്ധ്യമാനങ്ങളുള്ള സാദ്ധ്യതയായിരുന്നില്ലേ ?

–  കല്യാണി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ