മനസില്‍ പ്രണയം നിറച്ച് മായാനദി ഒഴുകിത്തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. 2017 ഡിസംബര്‍ 22നാണ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ മൂന്നാം വാർഷികത്തിൽ മായാനദി ഓർമകൾ പങ്കുവയ്ക്കുകയാണ് ടൊവിനോ. ടൊവിനോയുടെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മാത്തൻ.
ഇപ്പോഴും സോഷ്യല്‍ മീഡിയയിലും, സിനിമാ പ്രേമികള്‍ക്കിടയിലും, സിനിമാ ഗ്രൂപ്പുകളിലുമെല്ലാം ഇടയ്ക്കിടെ ചർച്ചയിൽ കടന്നു വരുന്ന ചിത്രം കൂടിയാണ് ‘മായാനദി’.
മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു മായാനദി. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ശ്യാം പുഷ്കരനും ദിലീഷ് നായരും രചന നിര്‍വ്വഹിച്ച ‘മായാനദിക്ക്’ സംഗീതം നല്‍കിയത് റെക്സ് വിജയനായിരുന്നു. ഷഹബാസ് അമന് ആലപിച്ച ‘മിഴിയിയില്‍ നിന്നും’ എന്ന ഗാനവും ഏറെ ജനപ്രീതി നേടിയിരുന്നു.
സുധീര്‍ മിശ്ര സംവിധാനം ചെയ്ത 2005ല്‍ പുറത്തിറങ്ങിയ ‘ഹസാരോം ഖ്വായിഷേന്‍ ഐസി’ എന്ന ചിത്രത്തിലെ ബാവ്രാ മന് എന്ന ഗാനം മായാനദിയിലൂടെ പുനരാവിഷ്കരിക്കപ്പെട്ടു. അപ്പുവും സുഹൃത്തുക്കളായ ദര്‍ശന, സമീറ എന്നിവരും ബാല്ക്കണിയിലിരിക്കുന്ന രാത്രി, കൂട്ടുകാരികള്‍ക്കായി ദര്‍ശന പാടിയ ഈ ഗാനത്തിനും വലിയ സ്വീകര്യത ലഭിച്ചിരുന്നു. സ്വാനന്ദ് കിര്‍കിറേ ആലപിച്ച ‘ബാവ്രാ മന്’ ആഷിക് അബു ചിത്രത്തിലൂടെ പുനര്‍ജനിച്ചപ്പോള്‍ തന്റെ സന്തോഷം അറിയിച്ച് ആ ഗായകന് തന്നെ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് സ്വാനന്ദ് കിര്‍കിറേ ഇതേക്കുറിച്ച് പറഞ്ഞത്. ഈ പതിപ്പ് ഇഷ്ടമായതായും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഗാനത്തിന് വരികളെഴുതിയതും സ്വാനന്ദ് കിര്‍കിറേ തന്നെയാണ്. ശന്തനു മൊയ്ത്രയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
Read More: മായാനദിയിലെ ‘ബാവ്രാ മന്;’ സ്നേഹമറിയിച്ച് യഥാര്‍ത്ഥ ഗായകന്