scorecardresearch

തൊഴിലാളി ജീവിതം പറഞ്ഞ മലയാള സിനിമകൾ

ഒരു മുഴുവൻ തൊഴിലാളി പക്ഷ സിനിമ എന്ന് പറയാനാകില്ലെങ്കിലും ഈ സിനിമകൾ തൊഴിലാളി ജീവിതവും ബുദ്ധിമുട്ടും പറഞ്ഞ് പോവുന്നുണ്ട്

mohanlal, lalsalam, may day

ലോക തൊഴിലാളി ദിനമാണ് മെയ് ഒന്ന്. അതു വരെ സമൂഹത്തിൽ നിലനിന്നിരുന്ന തൊഴിൽ സംവിധാനത്തിനെതിരെയുളള പ്രതിഷേധത്തിന്റെ ഫലമായിരുന്നു ലോക തൊഴിലാളി ദിനത്തിന്റെ ഉദയം.

നായകൻ തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയും വില്ലൻ മുതലാളി വർഗത്തെയും പ്രതിനിധീകരിക്കുന്ന നിരവധി സിനിമകൾ മലയാളത്തിലിറങ്ങിയിട്ടുണ്ട്. മുതലാളി വർഗത്തിന്റെ അവഹേളനവും കൊളളരുതായ്‌മകളും സഹിക്കവയ്യാതെ പ്രതികരിക്കാനിറങ്ങുന്ന ശക്തിയാർജിക്കുന്ന തൊഴിലാളി വർഗത്തിന്റെ കഥ പശ്ചാത്തലമായിരുന്നു സിനിമകൾ വന്നത്. ഒരു മുഴുവൻ തൊഴിലാളി സിനിമ എന്ന് പറയാനാകില്ലെങ്കിലും ഈ സിനിമകൾ തൊഴിലാളി ജീവിതവും ബുദ്ധിമുട്ടും പറഞ്ഞ് പോവുന്നുണ്ട്. മുതലാളി വർഗത്തോടുളള പ്രതിഷേധമറിയിച്ച കരുത്തുറ്റ തൊഴിലാളി വർഗത്തിന്റെ കഥ പറഞ്ഞ ഏതാനും മലയാള ചിത്രങ്ങളിലൂടെ

രക്തസാക്ഷികൾ സിന്ദാബാദ്: മലയാള സിനിമയിൽ എന്നെന്നും ഓർത്തിരിക്കുന്ന സിനിമകളിലൊന്നാണ് രക്താസാക്ഷികൾ സിന്ദാബാദ്. മുതലാളിത്തതിനെതിരെ പോരാടുന്ന രണ്ട് കമ്മ്യൂണിസ്‌റ്റുകാരായ ചെറുപ്പക്കാരുടെ കഥയാണ് ഈ സിനിമ പറഞ്ഞത്. വേണു നാഗവളളിയാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. തിരക്കഥയൊരുക്കിയത് ചെറിയാൻ കൽപകവാടിയും. കമ്മ്യൂണിസത്തിന്റെ പശ്ചാത്തലത്തിൽ മുതലാളിത്തതോടുളള അമർഷവും രോഷവും പറഞ്ഞ ചിത്രമായിരുന്നു ഇത്. 1998ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

ലാൽസലാം: മോഹൻലാലും മുരളിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ലാൽസലാമിലും തൊഴിലാളി വർഗത്തിന്റെ ജീവിതം പറയുന്നുണ്ട്. പക്ഷേ ഈ ചിത്രം രാഷ്‌ട്രീയവും സ്‌നേഹ ബന്ധങ്ങളുമാണ് പറയുന്നത്. തൊഴിലാളി ജീവിതം ഒരു പശ്ചാത്തലമായി വരുന്നുമുണ്ട്.

അനുഭവങ്ങൾ പാളിച്ചകൾ: ചീത്ത ഒരു മനുഷ്യനിൽ നിന്ന് നല്ലൊരു മനുഷ്യനിലേക്കുളള ഒരാളുടെ പരിവർത്തനമാണ് അനുഭവങ്ങൾ പാളിച്ചകൾ. ഒരു ഫാക്‌ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഇടയിൽ ഒരു നേതാവിന്റെ പരിവേഷമുളള ഒരു കഥാപപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോവുന്നത്. മുതലാളികൾക്ക് തൊഴിലാളികളോടുളള മനോഭാവവും അവരോടുളള മോശമായ പെരുമാറ്റവും സമീപനങ്ങളും അതിനോടുളള തൊഴിലാളി വർഗത്തിന്റെ പ്രതിഷേധവും പ്രതികരണവും കൂടി ഈ സിനിമ പറഞ്ഞു പോകുന്നുണ്ട്. ഒരു സമ്പൂർണ തൊഴിലാളി വർഗ സിനിമ എന്ന് പൂർണമായി പറയാനാവില്ലെങ്കിലും തൊഴിലാളി ജീവിതം പശ്ചാത്തലമായി വരുന്നുണ്ട്. 1971ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്‌തത് കെ.എസ്.സേതുമാധവനാണ്. തിരക്കഥയൊരുക്കിയത് തോപ്പിൽ ഭാസിയാണ്.

മൂലധനം: പി.ഭാസ്‌കരൻ സംവിധാനം ചെയ്‌ത മൂലധനം 1960കളിലെ കമ്മ്യൂണിസ്റ്റ് മൂവ്മെന്റിനെ പശ്ചാത്തലമാക്കിയൊരുക്കിയ സിനിമയാണ്. പ്രേം നസീർ, ശാരദ, ജയഭാരതി എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

പുതിയ ആകാശം പുതിയ ഭൂമി: ഒരു ഗ്രാമത്തിലെ കർഷകരുടെ പ്രതിസന്ധിയും മുതലാളി വർഗം അവരെ എങ്ങനെ പറ്റിക്കുന്നുവെന്ന് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്‌ത സിനിമയാണിത്. എം.എസ്.മണിയാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്.

ചാപ്പ: കൊച്ചി തുറമുഖത്ത് 1962 വരെ നിലനിന്നിരുന്ന ചാപ്പ എന്ന സമ്പ്രദായമാണ് ഈ ചലച്ചിത്രത്തിന്റെ പ്രതിപാദ്യവിഷയം. ഒരു കൂട്ടം ആളുകളിൽനിന്ന് ആവശ്യമുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കുവാൻ ഉപയോഗിച്ചിരുന്ന ഒരു ടോക്കണാണ് ചാപ്പ. അത് ആളുകൾക്കിടയിലേക്ക് ഏറിഞ്ഞുകൊടുക്കുകയും അത് കിട്ടുന്നവർക്ക് മാത്രം തൊഴിലും വേതനവും എന്ന കൊച്ചിയിൽ പണ്ട് നിലനിന്നിരുന്ന ഒരു സമ്പ്രദായത്തെ പറ്റിയാണ് ചിത്രം. പി.എ.ബക്കർ സംവിധാനം നിർവഹിച്ച് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചാപ്പ. ഹരി, കുഞാണ്ടി, ബീന എന്നിവർ അഭിനയിച്ചിരിക്കുന്നു. ജമാൽ കൊച്ചങ്ങാടിയുടെ കഥയ്ക്ക് പി.എ. ബക്കർ തിരക്കഥയൊരുക്കി പവിത്രൻ സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ദേവരാജനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം 1982-ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി.

പുന്നപ്ര വയലാർ: കുഞ്ചാക്കോ സംവിധാനം ചെയ്‌ത ചിത്രമാണ് 1968ൽ പുറത്തിറങ്ങിയ പുന്നപ്ര വയലാർ. പ്രേം നസീർ, ഷീല, അടൂർ ഭാസി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: May 1 international workers day malayalam cinema