മാസ്റ്റർപീസ് സിനിമയുടെ വിജയം ആഘോഷിച്ച് മമ്മൂട്ടിയും ടീം അംഗങ്ങളും. റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് 10 കോടി കളക്ഷൻ നേടിയതിന്റെ വിജയമാണ് സിനിമയുടെ അണിയറ പ്രവർത്തകർ ആഘോഷിച്ചത്. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സംവിധായകൻ അജയ് വാസുദേവ്, സംഗീത സംവിധായകൻ ദീപക് ദേവ് എന്നിവർ ആഘോഷത്തിൽ പങ്കെടുക്കാനെത്തി. കേക്ക് മുറിച്ച് മമ്മൂട്ടി ടീം അംഗങ്ങൾക്ക് മധുരം കൈമാറി.

ഇത്തവണ ക്രിസ്മസ് റിലീസ് ചിത്രങ്ങളിൽ ആദ്യമെത്തിയത് മമ്മൂട്ടിയുടെ മാസ്റ്റർ പീസ് ആണ്. പുലിമുരുകനു ശേഷം ഉദയ കൃഷ്ണ തിരക്കഥയെഴുതിയ ചിത്രത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി എത്തിയത്. എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് മാസ്റ്റര്‍പീസില്‍ മമ്മൂട്ടി എത്തുന്നത്. ട്രാവന്‍കൂര്‍ മഹാരാജാസ് കോളേജിലെ വില്ലന്‍മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാനാണ് ഇദ്ദേഹം എത്തുന്നത്. ചട്ടമ്പിയായ കോളേജ് പ്രൊഫസറാണ് എഡ്ഡി. അതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയാണ് ഇദ്ദേഹം.

ഭവാനി ദുര്‍ഗ എന്ന ഐപിഎസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.

ഇന്ത്യയൊട്ടാകെ 456 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. എല്ലായിടത്തുനിന്നും നല്ല റിവ്യൂവാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം കണ്ട ആരാധകരെല്ലാം പറയുന്നത് മാസ് സിനിമയെന്നാണ്. പല സിനിമകളുടെയും കളക്ഷൻ റെക്കോർഡുകളും മാസ്റ്റർ പീസ് തകർത്തതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ