ക്രിസ്മസ് റിലീസുകളില്‍ ആദ്യമെത്തിയത് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് തന്നെ. ഇന്ത്യയൊട്ടാകെ 456 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം മലയാളത്തിന്റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നു എന്നതാണ് മാസ്റ്റര്‍പീസിന്റെ മറ്റൊരു പ്രത്യേകത. ചെങ്ങന്നൂര്‍ സിനിമാസിലെ ‘ചിരി’ തിയേറ്ററില്‍ ഇന്നു രാവിലെയാണ് ഷോ സംഘടിപ്പിച്ചത്. 101 സീറ്റുകളാണ് ഇവിടെയുള്ളത്.

ലേഡീസ് ഫാന്‍സ് യൂണിറ്റില്‍ 11 അംഗങ്ങളാണ് ഉള്ളത്. സുജ.കെ ആണ് യൂണിറ്റിന്റെ പ്രസിഡന്റ്. ഇവരെക്കൂടാതെ മായ, രാധിക, അനീറ്റ, അനുഷ, കവിത, ആവണി, ഷീജ, ഷീല, ലീലാമ്മ, ജോമോള്‍ എന്നിവരും ഉണ്ട്.

സുജയ്ക്ക് ലേഡീസ് ഫാൻസ് ഷോയുടെ ആദ്യ ടിക്കെറ്റ് കൈമാറുന്നു

ഇന്നേദിവസം മമ്മൂട്ടിയുടെ മകനും മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനുവേണ്ടിയുള്ള ലേഡീസ് ഫാന്‍സ് യൂണിറ്റിന്റേയും ഉദ്ഘാടനം നടക്കും. ഡിക്യൂ ഏഞ്ജല്‍സ് എന്നാണ് യൂണിറ്റിന്റെ പേര്.

എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് മാസ്റ്റര്‍പീസില്‍ മമ്മൂട്ടി എത്തുന്നത്. ട്രാവന്‍കൂര്‍ മഹാരാജാസ് കോളേജിലെ വില്ലന്‍മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാനാണ് ഇദ്ദേഹം എത്തുന്നത്. ചട്ടമ്പിയായ കോളേജ് പ്രൊഫസറാണ് എഡ്ഡി. അതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയാണ് ഇദ്ദേഹം.

ഭവാനി ദുര്‍ഗ എന്ന ഐപിഎസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൊല്ലം ഫാത്തിമ കോളേജാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ