Master full movie leaked online by Tamilrockers: റിലീസ് ദിവസം തന്നെ മാസ്റ്ററിനെയും റാഞ്ചി തമിഴ് റോക്കേഴ്സ്. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് അകം തന്നെ ചിത്രത്തിന്റെ പ്രിന്റുകൾ തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മറ്റു ചില പൈറസി വെബ്സൈറ്റുകളിലും ചിത്രത്തിന്റെ പ്രിന്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നൂറുകോടി രൂപ ചെലവിൽ നിർമ്മിച്ച ‘മാസ്റ്റർ’ സംവിധാനം ചെയ്തിരിക്കുന്നതു ലോകേഷ് കനകരാജ് ആണ്. വിജയിനൊപ്പം വിജയ് സേതുപതി, മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശാന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിലുണ്ട്. വിജയ്യുടെ പൊങ്കൽ റിലീസായ ചിത്രം നിർമ്മിച്ചത് എക്സ് ബി ഫിലിം ക്രിയേറ്ററും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജനുവരി 14ന് റിലീസ് ചെയ്യും.
What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?
വ്യാജ സോഫ്റ്റ്വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.