ഏറ്റവും പുതിയ വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ ഓഡിയോ ലോഞ്ചിന്റെ വിശേഷങ്ങളാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടക്കം ചർച്ച ചെയ്യുന്നത്. സാധാരണ സ്റ്റേഡിയത്തിലും വലിയ ഓഡിറ്റോറിയങ്ങളിലും ആയിരക്കണക്കിന് ആരാധകരെ സാക്ഷി നിർത്തിയാണ് വിജയ് ചിത്രങ്ങളുടെ പ്രമോഷൻ പരിപാടികൾ അരങ്ങേറാറുള്ളത്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ വലിയ ആൾക്കൂട്ടം ഒഴിവാക്കി, ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം ഉൾകൊള്ളിച്ചുകൊണ്ടായിരുന്നു ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത്.
‘എല്ലാ പുഗഴും’ എന്ന ഗാനത്തിലെ ചില വരികൾ ആലപിച്ച വിജയ് തന്റെ ആരാധകരെ നദി പോലെയാകാൻ ഉപദേശിച്ചു. “ചിലയിടങ്ങളിൽ അവർ ദീപങ്ങളുമായി പുഴയോട് പ്രാർത്ഥിക്കുന്നു, ചിലയിടങ്ങളിൽ പൂക്കളുമായി സ്വാഗതം ചെയ്യുന്നു. മറ്റു ചിലയിടങ്ങളിൽ കല്ലുകൾ വാരി എറിയുന്നു. എന്നാൽ ഇതിനിടയിലെല്ലാം പുഴ അതിന്റെ ഒഴുക്ക് തുടരുകയാണ്. ജീവിതത്തിൽ നമ്മൾ നദി പോലെയാകണം.”
“നിങ്ങളുടെ വിജയം കൊണ്ടുവേണം അവരെ കൊല്ലാൻ, പുഞ്ചിരി കൊണ്ട് അവരെ അടക്കം ചെയ്യുക. നിങ്ങൾക്ക് സത്യസന്ധത പുലർത്തണമെങ്കിൽ ചിലയിടങ്ങളിൽ നിങ്ങൾ മൗനം പാലിക്കേണ്ടി വരും,” വിജയ് കൂട്ടിച്ചേർത്തു.
‘മാസ്റ്റർ’ ചിത്രീകരണം നടക്കുമ്പോൾ നെയ്‌വേലിയിലെ ലൊക്കേഷനിൽ വച്ച് വിജയ്‌യെ ആദായനികുതി വകുപ്പുകാർ ചോദ്യം ചെയ്യലിനായി കൊണ്ടുപോയത് വലിയ വാർത്തയായിരുന്നു. വിജയ് നികുതിവെട്ടിപ്പ് നടത്തി എന്നായിരുന്നു ആരോപണം. എന്നാൽ താരം നികുതിവെട്ടിപ്പ് നടത്തിയില്ലെന്ന് ആദായനികുതി വകുപ്പ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിജയ് പ്രതികരിക്കുമോ എന്നതായിരുന്നു ആരാധകർ ഏറെ ഉറ്റുനോക്കിയിരുന്ന കാര്യം. എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് അധികം പ്രസ്താവനകളൊന്നും നടത്താൻ താരം തയ്യാറായില്ല.
“നിങ്ങൾ വേറ ലെവലാണ്!” എന്ന കമന്റോടെ നെയ്‌വേലിയിലെ ആരാധകർ തനിക്ക് തന്ന പിന്തുണ അവിസ്മരണീയമാണെന്നും വിജയ് പറഞ്ഞു. റെയ്ഡുകൾ ഇല്ലാതിരുന്ന സമാധാനജീവിതത്തെ കുറിച്ചും വിജയ് പ്രസംഗത്തിനിടെ ഓർത്തു.
Read more: വിജയ് ചിത്രത്തിനായി പാർക്കൗർ പരിശീലിച്ച് മാളവിക മോഹനൻ