‘ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നൂ…’ ഖാലിദ് പാടുകയാണ്. ഇന്നലെ ഈ ലോകത്തോട് വിട പറഞ്ഞ ആ കലാകാരന്റെ അവിചാരിത വിയോഗത്തിന്റെ സങ്കടം ഒന്ന് കൂടി ഇരട്ടിക്കും അദ്ദേഹത്തിന്റെ പാട്ടു കേട്ടാൽ.
‘മറിമായം’ എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരനായ ഖാലിദിന്റെ ഓർമ്മയിൽ ഈ ഗാനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത് സംവിധായകൻ വിനോദ് കോവൂർ ആണ്.
‘ഇന്നലെ ഒന്നു മയങ്ങിയതാവും എങ്ങോട്ടും പോയിട്ടില്ല. അങ്ങനെ പോകാനൊന്നും പറ്റില്ല ആ മനുഷ്യന് നേരിട്ടു കണ്ടിട്ടില്ലെങ്കിലും എല്ലാരുടേം വീട്ടിലെ ഒരംഗമായിരുന്നു,’ ‘പ്രായത്തെ അഭിനയം കൊണ്ട് തോൽപിച്ച കലാകാരൻ,’ ‘ഏതു റോളും അനായാസം ചെയ്യുന്ന ഒരു നല്ല കലാകാരനായിരുന്നു,’ എന്നുമൊക്കെ പ്രിയപ്പെട്ട സുമേഷ് ഏട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരാധകർ കുറിക്കുന്നുണ്ട്.
സൈക്കിൾ യജ്ഞക്കാരനായിട്ടായിരുന്നു ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയായ ഖാലിദ് തന്റെ കലാജീവിതം ആരംഭിച്ചത്. ഫാ. മാത്യു കോതകത്ത് ആണ് ഖാലിദിന് കൊച്ചിൻ നാഗേഷ് എന്ന പേരു സമ്മാനിക്കുന്നത്.
1973ൽ പിജെ ആന്റണി സംവിധാനം ചെയ്ത പെരിയാർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട, താപ്പാന, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 70 വയസ്സായിരുന്നു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.
Read Here: Actor VP Khalid Dead: മറിമായത്തിലെ സുമേഷ് ഇനി ഓർമ