Margamkali Movie Review in Malayalam: തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജും നമിത പ്രമോദുമാണ്  ‘മാർഗ്ഗംകളി’ എന്ന ചിത്രത്തിലെ നായികാനായകന്മാർ. കോമഡി പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.

സംഗീതത്തിലും വാദ്യോപകരണങ്ങളിലും താൽപ്പര്യമുള്ള രമണൻ നായരുടെയും (സിദ്ദിഖ്) ചിത്രകാരിയായ ചന്ദ്രികയുടെയും (ശാന്തികൃഷ്ണ) മകനാണ് ഭിന്നശേഷിയുള്ള സച്ചിദാനന്ദൻ (ബിബിൻ ജോർജ്). സാമ്പത്തിക ഭദ്രതയുള്ള കുടുംബമായതിനാൽത്തന്നെ  മകനെ ജോലിയ്ക്ക് വിടുന്നതിൽ കടുത്ത എതിർപ്പുള്ള അച്ഛനമ്മമാരാണ് സച്ചിയ്ക്കുള്ളത്. പരസ്പരം പിണക്കം വെച്ചു പുലർത്തുന്ന അച്ഛനും അമ്മയും മുഴുകുടിയനായ ആന്റപ്പൻ (ബൈജു), ലെസ്സി ഷോപ്പ് നടത്തുന്ന ടിക്ടോക് ഉണ്ണി (ഹരീഷ് കണാരൻ) എന്നിങ്ങനെ രണ്ടു സുഹൃത്തുക്കളുമാണ് സച്ചിയുടെ ലോകം.

ഒരു നഷ്ടപ്രണയത്തിന്റെ വേദനയിൽ ഇനി ജീവിതത്തിൽ ഒരു പെണ്ണില്ലെന്നു ശപഥം ചെയ്തു നടക്കുന്ന സച്ചിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഊർമിള (നമിത പ്രമോദ്) കടന്നു വരുന്നു. ഊർമിളയുടെ ജീവിതത്തിലേക്ക് സച്ചി കടന്നു ചെല്ലുന്നു എന്നു പറയുന്നതാവും കുറച്ചു കൂടി ഉചിതം. രണ്ടു പേർക്കുമുള്ള പരിമിതികളും കോംപ്ലക്സുകളുമെല്ലാം ഇരുവരുടെയും ബന്ധത്തിൽ പ്രശ്നങ്ങളും കലഹങ്ങളുമുണ്ടാക്കുന്നു. സംഘർഷഭരിതമായ അവരുടെ പ്രണയകഥയും ഉപകഥകളുമൊക്കെയായാണ് ‘മാർഗ്ഗംകളി’യുടെ കഥ വികസിക്കുന്നത്.

ശാരീരികമായ പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടക്കുന്ന നായകൻ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നായികയായെത്തിയ നമിത പ്രമോദും നല്ല പ്രകടനമാണ് കാഴ്ച വയ്ക്കുന്നുണ്ട്. സ്ക്രീനിൽ ചിരിയുണർത്തുന്നത് ഹരീഷ് കണാരൻ, ബൈജു എന്നിവരുടെ കോമഡി സീനുകളാണ്. ’96’ൽ കുഞ്ഞു ജാനുവായെത്തിയ ഗൗരി ജി കിഷനും ചിത്രത്തിലുണ്ട്. ബിന്ദുപണിക്കർ, അനു ജോസഫ്, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിനു തൃക്കാക്കര തുടങ്ങിയവരും ചിത്രത്തിലുണ്ട്.

‘കുട്ടനാടൻ മാർപാപ്പ’യുടെ സംവിധായകൻ ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മാർഗ്ഗംകളി’. ‘കുട്ടനാടൻ മാർപാപ്പ’യിൽ നിന്നും അധികദൂരമൊന്നും പോവാൻ ശ്രീജിത്ത് വിജയിന് ആയിട്ടില്ലെന്നു പറയേണ്ടി വരും. പ്രേക്ഷകർക്ക് ദഹിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കഥാമുഹൂർത്തങ്ങളും നിലവാരം കുറഞ്ഞ ഫലിതവുമൊക്കെയായി പലപ്പോഴും ബോറടിപ്പിക്കുകയാണ് ചിത്രം.

ബോഡി ഷേമിംഗ് സംഭാഷണങ്ങളുടെ അതിപ്രസരം പ്രേക്ഷകർക്ക് അരോചകമായി തോന്നാം. പ്രത്യേകിച്ചും ഏറ്റവും കൂടുതൽ ബോഡി ഷേമിംഗിന് ഇരയാവുന്നത് ബിനു തൃക്കാക്കരയുടെ കഥാപാത്രമാണ്. ‘അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ?’ എന്ന് ആ കഥാപാത്രത്തെ കൊണ്ട് പലയാവർത്തി ചോദിപ്പിക്കുന്നുമുണ്ട് തിരക്കഥാകൃത്ത്. പെണ്ണിന്റെ സൗന്ദര്യമല്ല, അതിനു പിറകിലെ മനസ്സാണ് കാണേണ്ടത് എന്നൊക്കെ സമർത്ഥിക്കാൻ ശ്രമിക്കുന്ന ചിത്രത്തിൽ തന്നെയാണ് ഇത്തരം സംഭാഷണങ്ങളുടെ അതിപ്രസരം എന്നതാണ് വൈരുധ്യം.

‘തമാശ’, ‘കക്ഷി അമ്മിണിപ്പിള്ള’ പോലുള്ള ചിത്രങ്ങൾ മുന്നോട്ടു വച്ച ആശയങ്ങൾ കണ്ട് കയ്യടിക്കുകയും മലയാള സിനിമ മാറ്റത്തിന്റെ പാതയിലെന്ന ആശ്വസിക്കുകയും ചെയ്തവർ തന്നെ നെടുവീർപ്പോടെ സമ്മതിക്കേണ്ടി വരും, മലയാള സിനിമയ്ക്കോ പ്രേക്ഷകർക്കോ അത്ര പെട്ടെന്നൊന്നും മാറാൻ കഴിയില്ലെന്ന്. മറ്റൊരാളെ അയാളുടെ രൂപവും നിറവും വെച്ച് കളിയാക്കുന്ന ഡയലോഗുകൾക്ക് കിട്ടുന്ന കയ്യടി തന്നെയാണ് അതിനുള്ള തെളിവ്.

അഭിനേതാക്കൾ നല്ല പ്രകടനം കാഴ്ച വെച്ചിട്ടും ദുർബലമായ കഥയും നിലവാരം കുറഞ്ഞ ഫലിതവുമൊക്കെ ‘മാർഗ്ഗംകളി’ കാഴ്ചയെ ആവറേജിലും താഴെയാക്കുകയാണ്. ‘ഒരു മാർഗ്ഗവുമില്ലെങ്കിൽ പോയി കാണാവുന്ന സിനിമ’- ‘മാർഗ്ഗംകളി’ തന്ന അനുഭവത്തെ ഒറ്റവാക്കിൽ ഇങ്ങനെ പറയാം. അരവിന്ദ് കൃഷ്ണയുടെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവുമാണ് എടുത്തുപറയാവുന്ന രണ്ടു കാര്യങ്ങൾ, ചിത്രത്തിന് ഒരോളം സമ്മാനിക്കുന്നതിലും ഈ രണ്ടു ഘടകങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്.

കൂടുതൽ സിനിമാ റിവ്യൂസ് ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook