Releasing this Friday, ഒരു പറ്റം സിനിമകളുമായി മറ്റൊരു വെള്ളിയാഴ്ച കൂടെ. മാര്‍ഗ്ഗംകളി,  Margamkali, ഫാന്‍സി ഡ്രസ്സ്‌, Fancy Dress, മൂന്നാം പ്രളയം, Moonnam Pralayam, ഓര്‍മ്മയില്‍ ഒരു ശിശിരം, Ormayil Oru Shishiram,  ശക്തന്‍ മാര്‍ക്കറ്റ്‌, Sakthan Market, മാമാലി എന്ന ഇന്ത്യാക്കാരന്‍, Mammali Enna Indiakkaran എന്നിങ്ങനെ ആറു ചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്നത്.

മാർഗ്ഗംകളി

‘കുട്ടനാടൻ മാർപാപ്പ’യുടെ സംവിധായകൻ ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മാർഗ്ഗംകളി’. തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനാവുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായിക. മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍ ആണ് ചിത്രം നിര്‍മിക്കുന്നത് . സുരഭി സന്തോഷ്, സൗമ്യാമേനോന്‍,സിദ്ദിഖ്, ശാന്തി കൃഷ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, ബിനു തൃക്കാക്കര തുടങ്ങിയവരും ചിത്രത്തിലുണ്ട്.

നവാഗതനായ ശശാങ്കന്‍ ആണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് ബിബിന്‍ ജോര്‍ജ്ജ്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതവും ജോണ്‍കുട്ടി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

ഫാൻസി ഡ്രസ്സ്

നടനും സംവിധായകനുമായ ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മാതാവുന്ന ചിത്രമാണ് ‘ഫാൻസി ഡ്രസ്സ്’. രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗിന്നസ് പക്രു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കോമഡിക്ക് പ്രാധാന്യമുള്ള ഈ ഹ്യൂമര്‍ ത്രില്ലറിൽ പക്രുവിനൊപ്പം കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേത മേനോന്‍, സൗമ്യ മേനോൻ, ബാല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സര്‍വ ദീപ്തി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരും എഡിറ്റിങ് സാജനും നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, ജ്യോതിഷ് ടി. കാശി എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയത് രതീഷ് വേഗയാണ്.

ശക്തന്‍ മാര്‍ക്കറ്റ്

തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് പശ്ചാത്തലമാക്കിയൊരുങ്ങുന്ന ചിത്രമാണ് ‘ശക്തൻ മാർക്കറ്റ്’. നവാമുകുന്ദ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു അയ്യന്തോള്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീവയാണ്.

പൂരം, പുലിക്കളി തുടങ്ങി തൃശ്ശൂരിന്റെ സാംസ്‌കാരിക വിഭവങ്ങളെല്ലാം ചേര്‍ത്തൊരുക്കിയ ചിത്രത്തിൽ ശ്രീജിത്ത് രവി, സുധീര്‍ കരമന, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, നന്ദ കിഷോര്‍, അഷറഫ് പിലാക്ക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പനയ്‌ക്കെത്തുന്ന അബ്ദുക്കയുടെയും മക്കളുടെയും ജീവിതത്തിലേക്ക് കുറച്ച് വില്ലൻമാർ കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തൃശ്ശൂര്‍ സ്വദേശികളായ അപ്പൂട്ടി, സുഭാഷ് പോണോളി, ടെസ്സി റോണി, സുനില്‍ ബാബു പട്ടേപ്പാളം എന്നിവരുടെ വരികള്‍ക്ക് വിനുലാല്‍ ആണ് സംഗീതം നൽകിയിരിക്കുന്നത്.

ഓർമ്മയിൽ ഒരു ശിശിരം

ദീപക് പരംബോലിനെ നായകനാക്കി വിവേക് ആര്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓർമ്മയിൽ ഒരു ശിശിരം.’ മാക്ട്രോ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ കണ്ണൂർ സർവകലാശാല കലാതിലകമായിരുന്ന അനശ്വരയാണ് നായികയാവുന്നത്. എൽദോ മാത്യു, സാം, ജയിംസ്, അശോകൻ, നീന കുറുപ്പ്, അലൻസിയർ, പാർവതി, ശ്രീജിത് രവി, കോട്ടയം പ്രദീപ്, ഇർഷാദ് എന്നിവരും ചിത്രത്തിലുണ്ട്.

എൻ.ആർ. വിഷ്ണുരാജ് എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവപ്രസാദും അപ്പു ശ്രീനിവാസും ചേർന്നാണ്. അരുൺ ജയിംസ് ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ബി.കെ. ഹരിനാരായണൻ, മനു രഞ്ജിത്ത് എന്നിവരുടെ വരികൾക്ക് രജ്ഞിൻ രാജാണ് ഈണം പകർന്നിരിക്കുന്നത്.

മൂന്നാം പ്രളയം

കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മൂന്നാം പ്രളയം’. പ്രളയ ദിനങ്ങളിൽ നമ്മൾ കണ്ടതും അനുഭവിച്ചതുമായ ജീവിതത്തിൻ്റെ അടയാളമാണ് ഈ ചിത്രമെന്നാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

അഷ്ക്കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ സായ്കുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, ബിന്ദു പണിക്കർ, സാന്ദ്ര നായർ, കുളപ്പുളി ലീല, ബേസിൽ മാത്യു, അനീഷ് ആനന്ദ്, അനിൽ ഭാസ്കർ, മഞ്ജു സുഭാഷ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. നയാഗ്ര മൂവീസിന്റെ ബാനറിൽ ദേവസ്യ കുര്യാക്കോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 120 ലേറെ ആളുകൾ അഭിനയിച്ച ചിത്രത്തിൽ പാതിയിലേറെ പേർ പുതുമുഖങ്ങളാണ്. എസ്കെ വില്വൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മാലി എന്ന ഇന്ത്യക്കാരന്‍

കോഴിക്കോട് ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ അവതരിപ്പിച്ച് വിവാദമായതോടെ ഏറെ ചര്‍ച്ചാവിഷയമായി തീര്‍ന്ന ‘കിത്താബ്’ എന്ന നാടകത്തിന്റെ സംവിധായകൻ റഫീഖ് മംഗലശ്ശേരി കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ആദ്യ സിനിമയാണ് ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’. ഇസ്ലാം, ഹൈന്ദവ തീവ്രവാദം, മാവോയിസ്റ്റ് വേട്ട, ട്രാൻസ്‍ജെൻഡറുകളുടെ സാമൂഹ്യ ബഹിഷ്കരണം തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളാണ് ചിത്രത്തിന് പ്രമേയമാകുന്നത്. അരുൺ എൻ ശിവൻ ആണ് സംവിധായകൻ.

കാർത്തിക് കെ നഗരം, മൻസിയ, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, വിജയൻ കാരന്തൂർ, ബാലൻ പാറക്കൽ, ശശി എരഞ്ഞിക്കൽ, ജയപ്രകാശ് കുളൂർ, ബിനോയ് നമ്പാല, മുസ്തഫ ചേളാരി, പ്രകാശ് ബാരെ, വിജയൻ വി നായർ, എം.വി സുരേഷ് ബാബു, മൻസൂർ ചെട്ടിപ്പടി, അമൽ രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഷറഫ് പാലാഴി ഛായാഗ്രഹണവും അൻവര്‍ അലി ഗാനങ്ങളും ഷമേജ് ശ്രീധർ സംഗീതസംവിധാനവും പ്രണേഷ് കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

Read More Film News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook