മരക്കാർ സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനായി കരാറിൽ ഒപ്പുവച്ചിരുന്നില്ലെന്ന് മോഹൻലാൽ. ആമസോൺ പ്രൈമുമായി ചർച്ചകൾ നടക്കുക മാത്രമാണ് ഉണ്ടായതെന്നും കരാറിലെത്തിയിരുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. ഒരുഘട്ടത്തിലും മരക്കാറിന്റെ ഒടിടി റിലീസ് ലക്ഷ്യമായിരുന്നില്ല. തിയറ്റര്‍ റിലീസിന് ശേഷം ഒടിടിയിലേക്ക് സിനിമ നല്‍കാനാണ് കരുതിയതെന്നും മോഹൻലാൽ വ്യക്തമാക്കി.
ആമസോൺ പോലൊരു കമ്പനിയുമായി കരാറിലെത്തിയിരുന്നെങ്കിൽ തിയേറ്റർ റിലീസിനായി അവർ ഈ സിനിമ തിരിച്ച് തരില്ലായിരുന്നു. ഒടിടിക്ക് വേണ്ടി ഇന്ന് സിനിമ നൽകിയാൽ നാളെ തിരിച്ച് ലഭിക്കില്ല. മരക്കാർ തിയേറ്ററിനായി ഇറക്കിയതാണ്. തിയേറ്ററിൽ റിലീസ് ചെയ്യാനായാണ് രണ്ട് വർഷം കാത്തിരുന്നതെന്നും മോഹൻലാൽ പറഞ്ഞു.
മറ്റ് പല സിനിമകളും ഒടിടിക്ക് വേണ്ടി എടുത്തതാണ്. ബ്രോ ഡാഡി, ട്വൽത്ത് മാൻ അടക്കമുള്ള സിനിമകൾ ഇതിൽ പെടുന്നു. ഇത് സഹപ്രവർത്തകർക്ക് വേണ്ടി എടുത്തതാണ്. അതിൽ തിയേറ്ററിലെ കാര്യങ്ങൾ പരിഗണിച്ച് തീരുമാനമെടുക്കും.
43 വർഷമായി സിനിമയിൽ അഭിനയിക്കുന്നു. നിർമാതാവുമാണ്. ഞാൻ ബിസിനസുകാരന്‍ തന്നെയാണ്. 100 കോടി മുടക്കിയാല്‍ 105 കോടി ലഭിക്കണം എന്ന് കരുതുന്നതില്‍ എന്താണ് തെറ്റെന്നും മോഹൻലാൽ ചോദിച്ചു.
Also Read: ‘മരക്കാറി’ന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനം: രാഹുൽ രാജ്
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.
നൂറുകോടി മുതൽ മുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. സമ്പന്നമായ താരനിരയ്ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരൽ കൂടിയാണ് ചിത്രം. കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും ‘മരക്കാറി’ൽ ഒന്നിച്ച് അഭിനയിക്കുന്നുമുണ്ട്.
‘ഒപ്പം’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തിരു ചിത്രത്തിന്റെ ഛായാഗ്രഹണവും സാബു സിറിൽ കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു.