“വലിയ സെറ്റിട്ടതു കൊണ്ട് വലിയ സിനിമ ഉണ്ടാകുന്നില്ല, ‘ബാഹുബലി’യും ഇതും രണ്ടു തരം സിനിമകളാണ്,” മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കുന്ന ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ കലാ സംവിധായകന് സാബു സിറില്‍ പറയുന്നു. ഹൈദരാബാദില്‍ റാമോജി റാവു ഫിലിം സിറ്റിയില്‍ അദ്ദേഹം ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റിലാണ് ഇപ്പോള്‍ ‘മരക്കാര്‍’ ചിത്രീകരണം നടന്നു വരുന്നത്.
സമകാലിക ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ചിത്രമായ ‘ബാഹുബലി’യുടെ രണ്ടു ഭാഗങ്ങളുടേയും കലാസംവിധായകന്‍ സാബു സിറില്‍ ആയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ‘മരക്കാരിന്റെത് ബാഹുബലിയേക്കാള്‍ വലിയ സെറ്റ് ആയിരിക്കുമോ?’ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്. ‘മരക്കാറിന്റെ’ ചിത്രീകരണവിശേഷങ്ങള്‍ മലയാള മനോരമയോടു പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം.
ഏതാണ്ട് അഞ്ചൂറ് വര്‍ഷത്തോളം പഴക്കമുള്ള, ചരിത്രത്തില്‍ നിന്നും എടുത്ത ഒരു കഥയാണ് ‘മരക്കാര്‍’ എന്നും രാജ്യത്ത് നിര്‍മ്മിക്കപ്പെട്ട ചരിത്ര സിനിമകളില്‍ ഇത് പോലെ അധ്വാനിച്ചു എടുത്ത ചിത്രങ്ങള്‍ കുറവായിരിക്കും എന്നും സാബു സിറില്‍ വ്യക്തമാക്കി.
“അഞ്ഞൂറ് വര്‍ഷം മുന്‍പുള്ള കേരളത്തിലെ കഥയാണിത്. സംഭവങ്ങളെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിലും അന്നത്തെ വസ്ത്രം, ആഭരണം, അവയുടെ നിറം, ആയുധം, വീട്ടുസാധനങ്ങള്‍ എന്നിവയ്ക്കൊന്നും കൃത്യമായ രേഖകളില്ല, ചിത്രങ്ങളില്ല. അപൂര്‍വ്വമായി ലഭിച്ച ചില സാധനങ്ങളുടെ പശ്ചാത്തലത്തില്‍ പലരുടേയും ഭാവന വരച്ചെടുത്തതാണ് പലതും. അത്കൊണ്ട് തന്നെ അവ ഉണ്ടാക്കുക എന്നത് എളുപ്പമായിരുന്നില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More: ‘മരക്കാറി’ന്റെ പേടകം ഒരുങ്ങുന്നു, അമരത്ത് ലാലേട്ടനെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം
ഇതിനു മുന്‍പ് നാല്പതോളം ചിത്രങ്ങളില്‍ പ്രിയദര്‍ശനും സാബു സിറിലും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘അദ്വൈതം’, ‘തേന്മാവിന് കൊമ്പത്ത്’, ‘കാലാപാനി’, ‘ചന്ദ്രലേഖ’, ‘മേഘം’, രാക്കിളിപ്പാട്ട്, ‘കാക്കക്കുയില്‍’, ‘കിളിച്ചുണ്ടന്‍ മാമ്പഴം’, തമിഴിലെ ‘ലേസ ലേസ’, കാഞ്ചീവരം’, ഹിന്ദിയിലെ ‘ഭൂല്‍ ഭുലയ്യ’, ‘മാലാമാല്‍ വീക്ലി’, ‘വിരാസത്’ എനിവ ഇവരുടെ കൂട്ടുകെട്ടില്‍ വന്ന ശ്രദ്ധേയമായ സിനിമകളാണ്.
സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആദ്യത്തെ നേവൽ ഡിഫെൻസ് സംഘടിപ്പിച്ചതും മരക്കാറാണ്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു, കല്യാണി പ്രിയദര്ശന് എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.
Read more: മോഹൻലാലിനായി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം, കുഞ്ഞാലി മരക്കാർ
ആന്റണി പെരുമ്പാവൂരും സി ജെ റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം. ചരിത്രവും ഭാവനയും കൂടികലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്ശന് വെളിപ്പെടുത്തിയിരുന്നു. “തീരദ്ദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതു കൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല”, എന്നാണ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ പ്രിയദർശൻ ചിത്രത്തെ കുറിച്ച് മുന്‍പൊരു അവസരത്തില്‍ പ്രതികരിച്ചത്.