Marakkar Full Movie Leaked Online by Tamilrockers: സിനിമ വ്യവസായത്തിന് പൈറേറ്റഡ് സൈറ്റുകൾ വരുത്തിവയ്ക്കുന്ന നാശം ചെറുതല്ല. റിലീസ് ദിവസം തന്നെ ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ പൈറേറ്റഡ് സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്നത് സിനിമാവ്യവസായത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ എത്തി മരക്കാറും പൈറസി ആക്രമണത്തെ നേരിടുകയാണ്.
മലയാളത്തിലെ വലിയ ചിത്രങ്ങളിൽ ഒന്നായ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പുകൾ തമിഴ് റോക്കേഴ്സിലും ടെലഗ്രാമിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ടെലഗ്രാമിൽ മരക്കാറിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ, പൈറസി വീഡിയോകൾക്ക് എതിരെ രംഗത്തു വന്നിരിക്കുകയാണ് മോഹൻലാൽ. “ദൗർഭാഗ്യവശാൽ മരക്കാറിന്റെ വ്യാജപതിപ്പുകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ദയവായി അത്തരം പൈറേറ്റഡ് കോപ്പികൾ കാണരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്നതുമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. കോവിഡിന് ശേഷം ഉണർന്ന സിനിമാവ്യവസായത്തെ നശിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് എതിരെ നിങ്ങളും അണിചേരുക. പൈറസി എന്ന വലിയ കുറ്റകൃത്യത്തിന് എതിരെയുള്ള നിയമനടപടികളിൽ നിങ്ങൾ പെട്ടുപോവരുതെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു,” മോഹൻലാൽ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.
ഒപ്പം, മരക്കാർ എന്ന വലിയ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച കുടുംബപ്രേക്ഷകർക്കും മോഹൻലാൽ നന്ദി പറഞ്ഞു. “ഈ വിജയം സിനിമയെ സ്നേഹിക്കുന്നവരുടെ മാത്രമല്ല, നാടിനെ സ്നേഹിക്കുന്നവരുടെയും നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടെയും കൂടി വിജയമാണ്. രാജ്യാതിർത്തി കടന്ന് നമ്മുടെ ഭാഷയിലെ ഒരു ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന വലിയ യഞ്ജത്തിന്റെ ഫലസമാപ്തി കൂടിയാണ് ഈ വിജയം.”
“നമ്മളെല്ലാം സ്വാതന്ത്ര്യത്തോടെ സന്തോഷത്തോടെ ഇന്ന് ജീവിക്കുന്നതിന്റെ പിന്നിൽ ജീവത്യാഗം ചെയ്ത അനേകം മനുഷ്യരുണ്ട് എന്ന ചരിത്രത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. മരക്കാറിന്റെ വിജയം നമ്മുടെ ദേശസ്നേഹത്തിന്റെ വിജയം കൂടിയാണ്. ഈ ചിത്രത്തിന് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും സഹകരണവും തുടർന്നും ഉണ്ടാവണം. മൂന്നു വർഷത്തോളം എടുത്തു ചിത്രം തിയേറ്ററുകളിലേക്ക് കൊണ്ടുവരാൻ. ഒരുപാട് ദിവസങ്ങൾ എടുത്ത് ഒരുപാട് പേരുടെ അധ്വാനത്തിൽ ഉണ്ടാക്കിയ സിനിമയാണ്. നിർമ്മാണചെലവ് കാരണം വലിയ ചിത്രങ്ങൾ മലയാളത്തിൽ വല്ലപ്പോഴും മാത്രമേ സംഭവിക്കാറുള്ളൂ. ഇനിയും ഒരുപാട് വലിയ ചിത്രങ്ങൾ മലയാളസിനിമയിൽ ഇനിയും ഉണ്ടാവണം. അത് ലോകം മുഴുവൻ പ്രദർശിപ്പിക്കപ്പെടണം. ഇതൊക്കെ ആഗ്രഹമാണ്. അതിന് പ്രേക്ഷകരുടെ പൂർണപിന്തുണ കൂടിയേ തീരൂ,” മോഹൻലാൽ കൂട്ടിച്ചേർത്തു.
What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?
വ്യാജ സോഫ്റ്റ്വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.