മോഹൻലാൽ ആരാധകർ അടക്കമുള്ളവർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ നായകനാവുന്ന ഈ ബിഗ്ബജറ്റ് ചിത്രം ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്പട്ടികയിലും ഇടം പിടിച്ചു. മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്കാരത്തിന് ചിത്രത്തിലെ നൃത്തങ്ങൾ ചിട്ടപ്പെടുത്തിയതിന് ബ്രിന്ദയും പ്രസന്ന സുജിത്തും അർഹരായി. മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ച ബൃന്ദ മാസ്റ്ററെ അഭിനന്ദിച്ചിരിക്കുകയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്ത അഭിനേതാക്കളിലൊരാളായ കല്യാണി പ്രിയദർശൻ.

തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കല്യാണി ബ്രിന്ദ മാസ്റ്റർക്ക് അഭിനന്ദനം അറിയിച്ചത്. ഇതിനൊപ്പം ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ചിത്രവും കല്യാണി പങ്കുവച്ചിട്ടുണ്ട്. കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ഗാനരംഗത്തിന്റെ ചിത്രമാണിത്.

Read More: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾ; ഒറ്റനോട്ടത്തിൽ

“സിനിമയുടെ കമേഴ്സ്യൽ റിലീസിന് മുൻപ് തന്നെ നിങ്ങൾക്ക് ഇതിനകം ഹൃദയങ്ങളും പുരസ്കാരങ്ങളും നേടാൻ കഴിഞ്ഞു ബ്രിന്ദ മാസ്റ്റർ. ഈ മനോഹരമായ ഗാനവും ആ ദൃശ്യങ്ങളുടെ ആത്മാവും നൽകിയതിന് എന്റെ എല്ലാ സ്നേഹവും നന്ദിയും. ആളുകൾ ഇത് കാണുന്നത് വരെ കാത്തിരിക്കാനാവില്ല. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എല്ലായ്പ്പോഴും ഒരു ബഹുമതിയാണ്. നിങ്ങളുടെ നാലാമത്തെ കേരള സംസ്ഥാന അവാർഡിന് അഭിനന്ദനങ്ങൾ,” കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നൃത്തസംവിധാനത്തിന് പുറകെ മികച്ച ഡബ്ബിങ്ങിനുള്ള പുരസ്കാരത്തിന് ചിത്രത്തിൽ അർജുന് ശബ്ദം നൽകിയ നടൻ വിനീത് അർഹനായിട്ടുണ്ട്.

Read More: അപ്രതീക്ഷിതമായ സന്തോഷമാണിത്, പുരസ്കാരനിറവിൽ വിനീത്

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം.’ ഈ വർഷം മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെത്തുടർന്ന് സിനിമാ തിയേറ്ററുകൾ അടയ്ക്കാൻ തീരുമാനിച്ചതോടെ ചിത്രം റീലീസ് ചെയ്യാനായില്ല. വമ്പൻ താരനിരയാണ് ഈ പ്രിയദർശൻ ചിത്രത്തിൽ ഒരുമിക്കുന്നത്.

Read More: Marakkar Arabikadalinte Simham Trailer: കടലിൽ ജാലവിദ്യ കാണിക്കുന്ന മാന്ത്രികൻ; ‘മരക്കാർ’ ട്രെയിലർ

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജ, മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു ഗണേശന്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും ഇതിൽ കാമിയോ വേഷങ്ങളിലാണ്.

സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook