ഏറെ നാളായി മലയാള സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. കോവിഡിന്റെ പശ്ചാത്തലത്തിൽ പലതവണ റിലീസ് തീയതി മാറ്റിവയ്ക്കേണ്ടി വന്ന ചിത്രം കൂടിയാണ് ‘മരക്കാർ’.
ഇപ്പോഴിതാ, മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. “മരക്കാർ എന്ന സിനിമയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോഴും പൂർത്തിയായപ്പോഴുമെല്ലാം തീയേറ്റർ റിലീസ് മാത്രമായിരുന്നു മനസ്സിൽ. അതിനായാണ് കാത്തിരുന്നത്. എന്ത് ചെയ്യണം എന്ന ആശങ്കയിലാണ് ഞാൻ,” ആന്റണി പെരുമ്പാവൂർ പറയുന്നു.
” നിലവിൽ അമ്പത് ശതമാനം ആളുകളെ മാത്രമേ തിയേറ്ററിൽ പ്രവേശിപ്പിക്കാനാകൂ. അത്തരം സാഹചര്യത്തിൽ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നത് ലാഭകരമല്ല. വലിയ മുതൽ മുടക്കിൽ നിർമ്മിച്ച സിനിമയാണിത്. ഇനിയും റിലീസ് നീട്ടിക്കൊണ്ട് പോകൽ നടക്കില്ല. തിയേറ്ററിലും ഓടിടിയിലും ഒരുമിച്ച് റിലീസ് എന്നത് ഉദ്ദേശിച്ചിട്ടുമില്ല. അനുകൂല സാഹചര്യം വന്നാൽ തിയേറ്റർ റിലീസ് ഉണ്ടാകും. അല്ലെങ്കിൽ ഓടിടിയിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈമുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്,” ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
മികച്ച സിനിമക്കുള്ള ദേശീയ പുരസ്കാരം ഏറ്റു വാങ്ങിയ ശേഷം മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഇങ്ങനെ ഒരു അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. പക്ഷെ ഇന്നിവിടെ മോഹൻ ലാലിന്റേയും പ്രിയദർശന്റേയും അസാന്നിധ്യം തന്നെ വിഷമിപ്പിക്കുന്നു എന്നും അവർ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും,” ആന്റണി പെരുമ്പാവൂർ പറഞ്ഞു.