scorecardresearch
Latest News

ദാമോദരൻ മാസ്റ്റർ പോയി, പക്ഷേ ‘മരക്കാർ’ തിരിച്ചുവന്നു: മോഹൻലാൽ

‘മരക്കാർ’ മനസ്സിൽ അണയാതെ, ചാരം മൂടിയ കനൽതുണ്ടു പോലെ കിടക്കുകയായിരുന്നു

ദാമോദരൻ മാസ്റ്റർ പോയി, പക്ഷേ ‘മരക്കാർ’ തിരിച്ചുവന്നു: മോഹൻലാൽ

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചരിത്രസിനിമയുടെ നിർമ്മാണജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ, സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതം സിനിമയാക്കുക എന്ന ഉദ്യമത്തിലേക്ക് സംവിധായകൻ പ്രിയദർശനും താനും എത്തിച്ചേർന്ന നാൾവഴികളെ കുറിച്ചു ഒാർക്കുകയാണ് മോഹൻലാൽ. തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്ററാണ് തന്റെയും പ്രിയന്റെയും മനസ്സിൽ ‘മരക്കാർ’ എന്ന സ്വപ്നത്തിന്റെ വിത്തുപാകിയതെന്നാണ് മോഹൻലാൽ പറയുന്നത്.

“ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ തിരക്കഥാകൃത്ത് ടി ദാമോദരൻ മാസ്റ്ററാണ് കുഞ്ഞാലി മരയ്ക്കാറുടെ ജീവിതത്തിൽ ഒരു വലിയ സിനിമയുടെ സാദ്ധ്യതയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞത്. ചരിത്രത്തിന്റെ വലിയൊരു വായനക്കാരനായിരുന്നു മാസ്റ്റർ. അതുപോലെ തന്നെ പ്രിയദർശനും. പ്രിയദർശൻ സംവിധാനം ചെയ്ത് ഞാൻ അഭിനയിച്ച ‘കാലാപാനി’ രണ്ട് ചരിത്രപ്രേമികളുടെ സംഗമത്തിൽ നിന്നുണ്ടായതാണ് എന്നു പറയാം. മാസ്റ്ററായിരുന്നു അത് എഴുതിയത്. അന്നത്തെ ആ കോഴിക്കോടൻ പകലുകളിലും രാത്രികളിലും ഞങ്ങൾ കുഞ്ഞാലി മരയ്ക്കാറെപ്പറ്റി ഒരുപാട് സംസാരിച്ചു, ചിന്തിച്ചു. പിന്നെയും കാലം ഏറെ പോയി. ഞാനും പ്രിയനും ഒന്നിച്ചും അല്ലാതെയും പല പലസിനിമകൾ ചെയ്തു. അപ്പോഴും മരയ്ക്കാർ മനസ്സിൽ അണയാതെ ചാരം മൂടിയ കനൽതുണ്ടു പോലെ കിടന്നു. സ്വകാര്യമായ ചില രാത്രികളിൽ ഞങ്ങൾ വീണ്ടും മരയ്ക്കാറെ കുറിച്ച് സംസാരിച്ചു. ദാമോദരൻ മാസ്റ്റർ ഞങ്ങളെ വിട്ടപോയി. എന്നിട്ടും കുഞ്ഞാലി മരയ്ക്കാർ ഞങ്ങൾക്കൊപ്പം നിന്നു.” ‘ദ കംപ്ലീറ്റ് ആക്റ്റർ’ എന്ന തന്റെ ബ്ലോഗിൽ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയെ കുറിച്ചെഴുതിയ നീണ്ടക്കുറിപ്പിൽ മോഹൻലാൽ കുറിക്കുന്നു.

വർഷങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന ആ സ്വപ്നം വീണ്ടും ശക്തമായത് തന്റെ പോർച്ചുഗൽ യാത്രയ്ക്കിടെയാണെന്നും മോഹൻലാൽ ഓർക്കുന്നു. ” ഒരിക്കൽ ഒരവധിക്കാലയാത്രക്കിടെ ഞാൻ പോർച്ചുഗലിൽ എത്തി. അവിടെ ഒരു വലിയ പള്ളിയിൽ പോയപ്പോൾ ഒരു ഗൈഡ് ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്, “ഇന്ത്യയിൽ, കേരളത്തിൽ നിന്ന് കൊണ്ടുവന്ന കുരുമുളക് വിറ്റ് ഉണ്ടാക്കിയതാണ് ഈ പള്ളി’. ഞാൻ വീണ്ടും നോക്കി. അതിമനോഹരമായ, നമ്മൾക്ക് പെട്ടെന്ന് സ്വപ്നം കാണാൻ കഴിയാത്ത തരത്തിലുള്ള വലിയ ഒരു പള്ളി. അന്ന് ആ പള്ളിമുറ്റത്ത് വച്ച് എന്റെ തല കുനിഞ്ഞു. കൊള്ളയടിക്കപ്പെട്ട് തകർന്നുപോയ എന്റെ നാടിനെയോർത്ത്. താഴ്ന്നു പോയ എന്റെ ശിരസ്സ് തൊട്ടടുത്ത നിമിഷം തന്നെ മുകളിലേക്ക് ഉയരുകയും ചെയ്തു. പോർച്ചുഗീസുകാരോട് സ്വന്തം ജീവൻ പണയം വച്ച് പൊരുതിയ കുഞ്ഞാലിമരയ്ക്കാരെ ഓർത്ത്… പോർച്ചുഗലിലെ ആ പള്ളിമുറ്റത്ത് വച്ച് വീണ്ടും മനസ്സ് മരക്കാർ എന്ന സിനിമയിലേക്ക് പോയി.”

Read more: ‘ഒടിയ’നും ‘ലൂസിഫറും’ അഴിച്ചു വച്ച് മോഹന്‍ലാല്‍: ഇനി ‘പ്രിയ’പ്പെട്ടവനൊപ്പം

പ്രിയദർശനും മോഹൻലാലും ചേർന്നൊരുക്കുന്ന നാൽപ്പത്തി അഞ്ചാമത്തെ സിനിമയാണ് കുഞ്ഞാലി മരക്കാർ. ഏതെങ്കിലും ഒരു കാര്യത്തിനു വേണ്ടി അത്രമേൽ ആത്മാർത്ഥമായിട്ടാണ് ആഗ്രഹിക്കുന്നതെങ്കിൽ അതു സാധിച്ചു തരാനും നേടിയെടുക്കാനുമായി ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം ഉണ്ടാവും എന്ന് ആരോ എഴുതിയ വാക്കുകൾ തീർത്തും ശരിയാണെന്ന് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമിയുടെ എന്റെ അവസാനത്തെ ഷോട്ട് എടുത്തപ്പോഴാണ് തനിക്ക് ബോധ്യമായതെന്നും മോഹൻലാൽ കുറിക്കുന്നു.

ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് 104 ദിവസത്തോളം നീണ്ട സിനിമാ ചിത്രീകരണത്തെ കുറിച്ചും മോഹൻലാൽ വാചാലനാവുന്നു. ” പതിനഞ്ചാം നൂറ്റാണ്ടും പതിനാറാം നൂറ്റാണ്ടുമാണ് ഞങ്ങൾക്ക് സൃഷ്ടിക്കേണ്ടിയിരുന്നത്. മുടക്ക് മുതൽ വലിയ രീതിയിൽ വേണം. ആ കാലം തെറ്റുകൂടാതെ സൃഷ്ടിക്കണം. ഏറ്റവും വലിയ വെല്ലുവിളിയാണ്. അപ്പോഴും ഞാനാദ്യം പറഞ്ഞ പ്രപഞ്ചശക്തി ഞങ്ങൾക്കൊപ്പം നിന്നു. ആന്റണി പെരുമ്പാവൂർ നിർമ്മാതാവായി. സാബു സിറിൾ എന്ന മാന്ത്രികനായ കലാസംവിധായകൻ വന്നു. അക്കാലത്തെ ചെരിപ്പും വിളക്കും വടിയും മുതൽ പടുക്കൂറ്റൻ കപ്പലുകൾ വരെ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ സാബു ഞങ്ങൾക്കായി സൃഷ്ടിച്ചു തന്നു. അമ്പും വില്ലും തോക്കുകളും പീരങ്കികളും ഉണ്ടാക്കിതന്നു. മഞ്ചലുകളും കൊട്ടാരങ്ങളും തയ്യാറാക്കി. കുതിരകൾ വന്നു. കടൽ സൃഷ്ടിച്ചു. യുദ്ധം ചിത്രീകരിച്ചു. 104 ദിവസം രാവും പകലുമില്ലാതെ വലിയൊരു സംഘം സിനിമ ചിത്രീകരിച്ചു തീർത്തു. 700 പേർ വരെ ജോലി ചെയ്ത ദീവസങ്ങൾ ഉണ്ട്. അക്കൂട്ടത്തിൽ എന്റെ മകനും പ്രിയന്റെ മകനും മകളും ഞങ്ങളുടെ ഉറ്റസുഹൃത്തായ സുരേഷ് കുമാർ മേനക ദമ്പതികളുടെ മകൾ കീർത്തിയും രേവതിയുമുണ്ട്. ഐവി ശശി, സീമ അവരുടെ മകനുമുണ്ട്. രാമോജി ഫിലിം സിറ്റി ഞങ്ങൾക്ക് ഒരു കുടുംബ ഗൃഹത്തിന്റെ മുറ്റമായി മാറി.”

Read more: കളികൂട്ടുകാർ ഒറ്റ ഫ്രെയ്മിൽ; മരക്കാറിലെ കലക്കൻ ലുക്കിൽ പ്രണവും കല്ല്യാണിയും

‘മരക്കാറി’ന്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടന്നിരിക്കുകയാണ് സംവിധായകൻ പ്രിയദർശനും സംഘവും. ഒരു വർഷത്തോം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ശേഷം 2020 ലാവും ചിത്രം തിയേറ്ററുകളിലെത്തുക. “തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതുകൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല”, എന്നാണ് പ്രിയദർശൻ മുൻപ് ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.

മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം.

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തെ കുറിച്ച് മോഹൻലാൽ പറയുന്നത് കേൾക്കാം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Marakkar arabikadalinte simham mohanlal priyadarshan t damodaran