പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് സഹായവുമായി ടൊവിനോയും കൂട്ടരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മറഡോണ സിനിമയുടെ ഒരു ദിവസത്തെ കലക്ഷൻ സംഭാവന ചെയ്യുമെന്ന് ടൊവിനോയും സിനിമയുടെ സംവിധായകനും എഴുത്തുകാരനും അറിയിച്ചു. ഫെയ്സ്ബുക്ക് ലൈവിലാണ് മൂവരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മഴ കാരണം തിയറ്ററില്‍ ആളുകള്‍ കയറുന്നില്ലെങ്കിലും തങ്ങളുടെ ഇപ്പോഴത്തെ ആശങ്ക മഴക്കെടുതിയാണെന്ന് ടൊവിനോ വ്യക്താക്കി.

പ്രളയത്തിൽ കൃഷിനാശം സംഭവിച്ചവർക്ക് ഈ തുക മന്ത്രി വി.എസ് സുനിൽ കുമാറിന് അടുത്ത ആഴ്ച കൈമാറും. സംവിധായകൻ വിഷ്ണു നാരായൺ, തിരക്കഥാകൃത്ത് കൃഷ്ണമൂർത്തി എന്നിവരും ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാവിധ പിന്തുണകളും അറിയിച്ചു. മായാനദിക്കു ശേഷം ടോവിനോ തോമസ് എന്ന നടന്റെ മേൽ വലിയ പ്രതീക്ഷകൾ പതിഞ്ഞ സിനിമയാണ് മറഡോണ.

നവാഗതനായ വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന മറഡോണയുടെ തിരക്കഥ കൃഷ്ണമൂർത്തിയുടേതാണ്. ആഷിക്ക് അബുവിന്റെയും ദിലീഷ് പോത്തന്റെയും സംവിധാന സഹയായി ആയി പ്രവർത്തിച്ച ആളാണ് വിഷ്ണു. ടൊവീനോയെ കൂടാതെ ചെമ്പൻ വിനോദ്, ടിറ്റോ വിത്സൺ, ജിൻസ് ബക്കർ, ലിയോണ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു. പുതുമുഖം ശരണ്യ നായരാണ് നായിക.

മറഡോണ എന്ന പേര് തന്നെ കൗതുകമുണ്ടാക്കുന്നതാണ്. ഫുട്‍ബോളുമായി ബന്ധമുള്ള കഥ എന്നു പ്രേക്ഷകരെ നേരിട്ട് തോന്നിപ്പിക്കുന്ന പേരാണത്. എന്നാൽ ഫുട്‍ബോളുമായോ ഡീഗോ മറഡോണയുമായോ യാതൊരു ബന്ധവും സിനിമയുടെ കഥാഗതിക്കില്ല. സിനിമയിലെ നായകൻറെ പേരാണ് മറഡോണ. മികച്ച പ്രതികരണത്തോടെ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ