Maradona Movie Review: ഇന്നു വരും നാളെ വരും എന്നു പറഞ്ഞ് പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ‘മറഡോണ’. നായകനാകുന്നത് മലയാളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന താരം ടൊവിനോ തോമസ്. കൂടാതെ പ്രേക്ഷകര്‍ക്ക് കാത്തിരിക്കാനുള്ള പ്രതീക്ഷകള്‍ നല്‍കിയ പാട്ടുകളും പോസ്റ്ററും. കാത്തിരിപ്പുകള്‍ ഇനിയും നീട്ടാതെ നവാഗതനായ വിഷ്ണു നാരായൺ സംവിധാനം ചെയ്ത ‘മറഡോണ’ ഒടുവില്‍ ഇന്ന് തിയേറ്ററുകളിലെത്തി.

പേര് ‘മറഡോണ’ എന്നാണെങ്കിലും ചിത്രത്തിന് മറഡോണ എന്ന ഫുട്ബാള്‍ ഇതിഹാസവുമായോ ഫുട്‌ബോളുമായിപ്പോലുമോ യാതൊരു ബന്ധവുമില്ല. നായകന്റെ പേരാണ് മറഡോണ (ടൊവിനോ തോമസ്). മറഡോണയും സുഹൃത്തായ സുധിയും (ടിറ്റോ വിത്സണ്‍) വണ്ടിക്കച്ചവടവും ഗുണ്ടാപണിയുമായി നടക്കുന്ന സുഹൃത്തുക്കളാണ്. ഒരു അടിപിടിക്കിടയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ മകനെ മര്‍ദ്ദിച്ച് അവശനാക്കി ഇരുവരും ഇരു സ്ഥലങ്ങളിലേക്കായി നാടു വിടുന്നു.

ബെംഗളൂരുവില്‍ എത്തുന്ന മറഡോണയുടെ പിന്നീടുള്ള ജീവിതവുമാണ് ചിത്രം പറയുന്നത്. ഭാവിയും വര്‍ത്തമാനവും ഇടകലര്‍ത്തിയാണ് ‘മറഡോണ’ മുന്നോട്ടു പോകുന്നത്. മറഡോണ എന്ന ഗുണ്ടയുടെ, സുഹൃത്തിന്റെ, കാമുകന്റെ, മനുഷ്യന്റെ വൈകാരിക യാത്രയാണ് ചിത്രം.

ഒരു ക്രിമിനലില്‍ നിന്നും മനുഷ്യനിലേക്കുള്ള നായകന്റെ സ്വയം വീണ്ടെടുപ്പ് (റിഡംപ്ഷന്‍), പരിവര്‍ത്തനം (ട്രാന്‍സ്‌ഫോര്‍മേഷന്‍) എന്നീ അവസ്ഥകളെ വളരെ മനോഹരമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഒരു പ്രണയമുണ്ടാകുമ്പോള്‍ ഒറ്റ രാത്രി കൊണ്ട് നന്നാകുന്ന നായകനല്ല മറഡോണ. അയാളുടെ പരിവര്‍ത്തനത്തിന്റെ ഓരോ ഘട്ടങ്ങളേയും സംവിധായകന്‍ സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട്.

ജീവനെടുത്തു മാത്രം ശീലിച്ചവന്‍ ജീവന്‍ രക്ഷിക്കുമ്പോളുണ്ടാകുന്ന തിരിച്ചറിവ് അതിമനോഹരമായി സിനിമയില്‍ പകര്‍ത്തിയിട്ടുണ്ട്. അടിച്ചു വീഴ്ത്തുന്നത് ആണത്തവും ശക്തി പ്രകടനവുമാണെന്നു വിശ്വസിക്കുന്ന നായകനെ കാണിക്കുന്നതോടൊപ്പം ക്ഷമിക്കാനും സ്‌നേഹിക്കാനുമാണ് കൂടുതല്‍ ശക്തി വേണ്ടത് എന്ന് വിശ്വസിക്കുന്ന പുരുഷന്മാരെയും സംവിധായകന്‍ പരിചയപ്പെടുത്തുന്നുണ്ട്. ആക്രമണം നേരിടാന്‍ തയ്യാറല്ലാത്തൊരാളെ അടിച്ചു വീഴ്ത്തുന്നത് ആണത്തമല്ലെന്നു നായികയെക്കൊണ്ട് പറയിക്കുന്നുമുണ്ട്.

Maradona Malayalam Movie Review: അതിശയിപ്പിച്ചത് അഭിനേതാക്കൾ

‘മായാനദി’യിലെ മാത്തനു ശേഷം മറഡോണയായി ടൊവിനോ തോമസ് അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു. ആക്ഷൻ രംഗങ്ങൾ അതിശയോക്തി കലർന്നതാണെങ്കിലും മറഡോണയുടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും ഏറ്റവും റിയലിസ്റ്റിക്കായി അഭിനയിച്ചു ഫലിപ്പിക്കാന്‍ ടൊവിനോയ്ക്കായി. ഒരേ സമയം തനിക്കൊരു ആക്ഷന്‍ നായകനും ഫീല്‍ഗുഡ് നായകനുമാകാന്‍ കഴിയുമെന്ന് ‘മറഡോണ’യിലൂടെ ടൊവിനോ തെളിയിച്ചു. ഇമോഷണല്‍ രംഗങ്ങളൊക്കെ ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘ചുമ്മാ പൊളിച്ചടുക്കി.’

പുതുമുഖം ശരണ്യയാണ് നായികാ കഥാപാത്രമായ ആശയെ അവതരിപ്പിച്ചത്. ബിഎസ്‌സി നഴ്‌സിംഗ് കഴിഞ്ഞ് സപ്ലിയും കിട്ടി ഹോം നഴ്‌സായി ജോലി ചെയ്യുന്ന ആശയെന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ശരണ്യക്കായി.

ചെമ്പന്‍ വിനോദ് അവതരിപ്പിച്ച മാര്‍ട്ടിനാണ് മറ്റൊരു പ്രധാന കഥാപാത്രം. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചെമ്പന്റെ പ്രകടനം സിനിമയില്‍ എടുത്തു പറയേണ്ട ഘടകം തന്നെയാണ്. ടിറ്റോ വിത്സണും പതിവു പോലെ തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. ലിയോണ, ജിന്‍സ് ഭാസ്‌കര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നാക്കി.

തിരക്കഥയൊരുക്കിയത് കൃഷ്ണ മൂര്‍ത്തിയാണ്. തന്റെ കഥാപാത്രങ്ങളുടെ സൂക്ഷ്മ സവിശേഷതകള്‍ പോലും കൃഷ്ണമൂര്‍ത്തി തിരക്കഥയില്‍ പകര്‍ത്തിയിട്ടുണ്ട്. മറഡോണ എന്ന കഥാപാത്രത്തെ ഇത്ര ഭംഗിയായി അണിയിച്ചൊരുക്കിയ കൃഷ്ണമൂര്‍ത്തി വലിയൊരു കൈയ്യടി അര്‍ഹിക്കുന്നുണ്ട്.

സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ‘മറഡോണ’യിലെ പാട്ടുകളും നിലവാരം പുലര്‍ത്തി. പ്രത്യേകിച്ച് പ്രണയ ഗാനം. എടുത്തു പറയേണ്ട മറ്റൊരു ഘടകം മനോഹരമായ ദൃശ്യങ്ങള്‍ സമ്മാനിച്ച ദീപക് ഡി മേനോനാണ്.  ചിക്മംഗളൂരിന്റെ ഭംഗിയും ബെംഗളൂര്‍ നഗരത്തിന്റെ സൗന്ദര്യവുമെല്ലാം ക്യാമറയുടെ പോസിറ്റീവ് വശങ്ങളാണെങ്കിലും ദീപക് അത്ഭുതപ്പെടുത്തിയത് ചിത്രത്തില്‍ ഒരിക്കല്‍ മാത്രം മഴ പെയ്യുന്ന രംഗത്തിലാണ്. തിയേറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകര്‍ക്ക് ആ മഴയും രംഗങ്ങളും അത്രമേല്‍ അനുഭവഭേദ്യമാക്കിയിട്ടുണ്ട് അദ്ദേഹം.

ദിലീഷ് പോത്തന്‍, ആഷിഖ് അബു എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് വിഷ്ണു നാരായണ്‍ തന്റെ ആദ്യ സംവിധാനം സംരംഭം കൊണ്ടു തന്നെ മലയാളസിനിമയ്ക്ക് താനൊരു വാഗ്ദാനമാണെന്ന് വിഷ്ണു നാരായണ്‍ എന്ന നവാഗത സംവിധായകന്‍ തെളിയിച്ചു കഴിഞ്ഞു. ചിത്രത്തിലെ മനുഷ്യ കഥാപാത്രങ്ങളെ മാത്രമല്ല, പ്രാവിനേയും പട്ടിയേയും വരെ തനിക്ക് വേണ്ട തരത്തില്‍ മെരുക്കിയെടുത്ത് അവതരിപ്പിക്കാന്‍ വിഷ്ണുവിന് കഴിഞ്ഞു. തുടക്കത്തില്‍ പറഞ്ഞ പോലെ ചിത്രത്തിന് ഫുട്‌ബോളുമായി ബന്ധമില്ലെങ്കിലും തുടക്കം മുതല്‍ അവസാനം വരെ ഒരു ഫുട്‌ബോള്‍ മാച്ച് കണ്ടിരിക്കുന്നതിന്റെ ത്രില്ലുണ്ട്. ഒട്ടും ബോറടിപ്പിക്കാത്ത രണ്ടര മണിക്കൂറാണ് ‘മറഡോണ’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook