പത്മഭൂഷൺ പുരസ്കാരം തേടിയെത്തിയ സന്തോഷത്തിലാണ് കെ.എസ്.ചിത്ര. മലയാളത്തിന്റെ സ്വന്തം വാനമ്പാടിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുമ്പോൾ ഓരോ മലയാളിക്കും അത് അഭിമാനത്തിന്റെ നിമിഷം കൂടിയാണ്. സിനിമാരംഗത്തു നിന്നും സംഗീതലോകത്തുനിന്നുമൊക്കെ നിരവധി പേരാണ് ചിത്രയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
Read more: പത്മഭൂഷൺ: ആ വാർത്ത കേട്ടപ്പോൾ വിശ്വസിക്കാനായില്ല; എല്ലാവർക്കും നന്ദി അറിയിക്കുന്നു: കെഎസ് ചിത്ര
ഇപ്പോഴിതാ, പ്രശസ്ത സംഗീതസംവിധായകനായ എ.ആർ.റഹ്മാൻ ചിത്രയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പുതിയ തലമുറയിലെ നിരവധി പാട്ടുകാർ ചിത്രയെ അനുകരിക്കാൻ ശ്രമിക്കാറുണ്ടെന്ന് എ.ആർ.റഹ്മാൻ പറയുന്നു.
“പലരും ചിത്രാജിയെ അനുകരിക്കാൻ ശ്രമിക്കാറുണ്ട്. അവർ ഇവിടെ തന്നെയുണ്ട്, നമ്മളെ വിസ്മയിപ്പിക്കുന്നുമുണ്ട്. നിങ്ങൾ അവരെ അനുകരിക്കേണ്ടതില്ല, നിങ്ങളാവൂ എന്നാണ് ഞാനവരോട് പറയാറുള്ളത്,” വീഡിയോയിൽ എ ആർ റഹ്മാൻ പറയുന്നു.
മാസ്മരിക ശബ്ദം കൊണ്ട് മാത്രമല്ല ചിത്ര എന്ന ഗായിക മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായത്. അവരുടെ വ്യക്തിത്വം കൊണ്ടുകൂടിയാണ്, വിനയം എന്ന വാക്കിന്റെ പര്യായമാവുന്ന ഒരാൾ കൂടിയാണ് മലയാളികൾക്ക് ചിത്ര. എല്ലാ അംഗീകാരങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും കൂടുതൽ വിനയാന്വിതയായി, ഞാനെന്ന ഭാവമില്ലാതെ ചിത്ര പാടിക്കൊണ്ടേയിരിക്കുകയാണ്.
1979-ല്‍ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്‌ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചിത്രയെത്തിയത്. എന്നാല്‍ ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനമായിരുന്നു ചിത്രയ്‌ക്ക് ശ്രദ്ധ നേടികൊടുത്തത്. 1983ല്‍ പുറത്തിറങ്ങിയ ‘മാമ്മാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റായതോടെ ചിത്രയെ തേടി നിരവധി അവസരങ്ങൾ എത്തി.
തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘നീ താനേ അന്നക്കുയില്‍’ എന്ന ചിത്രത്തില്‍ പാടാൻ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്തും ചിത്ര ചുവടുറപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്.
1983ല്‍ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. കെ.ബാലചന്ദ്രർ സംവിധാനം ചെയ്ത ചിത്രം മൂന്നു ദേശീയ പുരസ്കാരമാണ് നേടിയത്. മികച്ച നടിക്കുളള അവാർഡ് സുഹാസിനിയും മികച്ച സംഗീത സംവിധായകനുളള അവാർഡ് ഇളയരാജയും മികച്ച ഗായികയ്ക്കുളള അവാർഡ് ചിത്രയും നേടി.
1987 ൽ ‘നഖക്ഷതങ്ങൾ’ ചിത്രത്തിലെ ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനത്തിന് ചിത്രയ്ക്ക് രണ്ടാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. എം.ടി.വാസുദേവൻ നായർ കഥയും തിരക്കഥയും രചിച്ച ചിത്രം സംവിധാനം ചെയ്തത് ഹരിഹരനായിരുന്നു. വിനീത്, മോനിഷ, സലീമ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1989 ൽ മൂന്നാമത്തെ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തി. ‘വൈശാലി’ ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നിൽക്കും’ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. പുരാണ കഥയെ ആസ്പദമാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. സുപർണ ആനന്ദ്, സഞ്ജയ് മിത്ര, ഗീത, ബാബു ആന്റണി എന്നിവരായിരുന്നു പ്രധാന താരങ്ങൾ.
‘മിൻസാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ 1996 ൽ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. എ.ആർ.റഹ്മാനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭുദേവ, അരവിന്ദ് സ്വാമി, കജോൾ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.
1997 ൽ ഹിന്ദി ചിത്രം വിരാസത്തിലെ ‘പായലേ ചുൻ മുൻ’ എന്ന ഗാനത്തിന് അഞ്ചാമത്തെ ദേശീയ പുരസ്കാരം നേടി. പ്രിയദർശനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. അനിൽ കപൂർ, തബു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കമൽഹാസൻ അഭിനയിച്ച തമിഴ് ചിത്രം തേവർ മകന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. 2004 ൽ തമിഴ് ചിത്രം ഓട്ടോഗ്രാഫിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. ‘ഒവ്വൊവ്വൊരു പൂക്കളുമേ’ എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് പുരസ്കാരം.
പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. തമിഴ്‌നാട്, ആന്ധ്രാ സര്‍ക്കാരുകളും ചിത്രയ്ക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 2005-ല്‍ പത്മശ്രീ പുരസ്‌കാരവും ചിത്രയെ തേടിയെത്തിയിരുന്നു.