17 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടു വന്നത് ഹരിയാന സ്വദേശി മാനുഷി ഛില്ലറാണ്. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് 21 വയസുള്ള മാനുഷി. ലോകസുന്ദരിപ്പട്ടം ലഭിക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.
എന്നാല്‍ മാനുഷിയുടെ അന്നത്തെ ചിത്രങ്ങള്‍ കണ്ടവരാരും തന്നെ കരുതിയിരിക്കില്ല ഈ പെണ്‍കുട്ടി ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയ്ക്കായി തിളങ്ങി നില്‍ക്കുമെന്ന്. പരിശ്രമിച്ചാല്‍ നേടാനാകാത്തത് ഒന്നുമില്ല എന്ന് തന്നെയാണ് മാനുഷി സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുന്നത്.
2015ല്‍ മാനുഷി ഓപ്പറേഷന്‍ തിയറ്ററില്‍ വെച്ചെടുത്ത ഒരൊറ്റ ചിത്രം മതി മാനുഷിയുടെ അത്ഭുതപ്പെടുത്തുന്ന മാറ്റം തിരിച്ചറിയാന്‍. അത്രയൊന്നും മെലിയാത്ത കവിളും കട്ടി ഫ്രെയിമുളള കണ്ണടയും ധരിച്ചാണ് ചിത്രത്തില്‍ മാനുഷിയെ കാണാനാവുക. എന്നാല്‍മേക്കോവറും ജീവിതരീതിയും ആത്മവിശ്വാസവും വെറും രണ്ട് വര്‍ഷം കൊണ്ട് മാനുഷിയെ ആകെ മാറ്റിമറിച്ചു.
മാസങ്ങളോളം പരിശ്രമിച്ചാണ് താരം ഇന്ന് കാണുന്ന രീതിയിലേക്ക് പരിണമിച്ചത്.
മത്സരത്തിനു വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് പലപ്പോഴായി സൗന്ദര്യപരിപാലനത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ഏറെ ചിട്ട പാലിച്ചു.
ഇതില്‍ പ്രധാനമായി മാനുഷി പരിചയപ്പെടുത്തുന്നതും നന്ദി പറയുന്നതും മിസ് വേള്‍ഡ് മത്സരത്തിനു വേണ്ടി തന്നെ സജ്ജമാക്കിയ ഡോക്ടര്‍ അമിത് കര്‍ഖാനീസിനോടാണ്. ഡോക്ടര്‍ ത്വച എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ കൂടിയായ അദ്ദേഹം ഹെയര്‍, സ്കിന്‍, സ്ലിമ്മിങ്, ആന്റി ഏജിങ് എന്നിവയില്‍ പ്രഗത്ഭനാണ്.
നമാമി അഗര്‍വാളിന്‍റെ ഡയറ്റ് ടിപ്സ്, ഫിറ്റ്‌നെസ്സില്‍ താല്പര്യമുള്ളവര്‍ക്കായി എന്ന അടിക്കുറിപ്പോടെ മാനുഷി പങ്കു വച്ചത് ഇങ്ങനെ.
1. പ്രാതല്‍ ഒഴിവാക്കരുത്. ഒഴിവാക്കിയാല്‍ ദിവസം മുഴുവനും വിശപ്പ് തോന്നിക്കൊണ്ടിരിക്കും.
2. കൃത്യ സമയത്തുള്ള ഭക്ഷണം, അതും ചെറിയ അളവുകളില്‍. ഇങ്ങനെ ചെയ്‌താല്‍ കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള നമ്മള്‍ വെറുതെ കൊറിക്കുന്ന ഭക്ഷണം ഒഴിവാക്കാന്‍ സാധിക്കും
3. മധുരം പാടെ ഒഴിവാക്കുക, റിഫൈന്‍ഡ് ഷുഗര്‍ പ്രത്യേകിച്ചും
തിളക്കമുള്ള തന്‍റെ സ്കിന്നിന്‍റെ രഹസ്യമെന്തെന്നു ചോദിച്ചാല്‍ മാനുഷി പറയും ‘എട്ടു മണിക്കൂര്‍ ഉറക്കം’ എന്ന്. നമാമി അഗര്‍വാളുമായുള്ള ചെറിയ അഭിമുഖം കാണാം.
രാത്രി വെള്ളത്തിലിട്ടു വച്ച ബദാം കഴിച്ചാണ് താന്‍ ഒരു ദിനം ആരംഭിക്കുന്നതെന്ന് മാനുഷി. മുടിക്കും ചര്‍മ്മത്തിനും ബദാം വളരെ നല്ലതാണെന്നും ഒരു ദിവസം മുഴുവന്‍ ഉന്മേഷം നല്‍കുമെന്നും അവര്‍ പറയുന്നു.
വ്യായാമത്തില്‍ താന്‍ ഇഷ്ടപ്പെടുന്നത് ‘പൈലേറ്റ്’ ട്രെയിനിങ് ആണെന്നും മാനുഷി വെളിപ്പെടുത്തി.
ദല്‍ഹി ഭഗത്ഫൂല്‍ സിംഗ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് മാനുഷി ചില്ലാര്‍. ദല്‍ഹി സെന്റ് തോമസ് സ്‌കൂളിലും ഭഗത്ഫൂല്‍ സിംഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും വിദ്യാഭ്യാസം നടത്തിയ മനുഷി ചില്ലാറിന്റെ രക്ഷിതാക്കളും ഡോക്ടര്‍മാരാണ്.