ലോക സുന്ദരി പട്ടം കിട്ടിയതിന്റെ തിരക്കുകള്‍ ഉണ്ടെങ്കിലും ബോളിവുഡിനു നേരേ വാതില്‍ കൊട്ടിയടച്ചിട്ടില്ല മാനുഷി ഛില്ലര്‍ എന്ന യുവ ഡോക്‌ടര്‍. മാത്രമല്ല, തന്റെയുള്ളില്‍ ഒരു അഭിനേത്രി ഉണ്ടെന്ന് മാനുഷി വിശ്വസിക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ചൈനയില്‍ നടന്ന മൽസരത്തില്‍ മാനുഷി ലോക സുന്ദരി പട്ടം അണിഞ്ഞത്. ഇതിനു മുമ്പ് 2000ത്തില്‍ പ്രിയങ്ക ചോപ്രയാണ് ലോകസുന്ദരി പട്ടം നേടുന്ന ഇന്ത്യക്കാരി.

‘എന്റെ ഉള്ളിലൊരു അഭിനേത്രി ഉണ്ടെന്ന് ഞാന്‍ തന്നെ തിരിച്ചറിയുന്നുണ്ട്. ഒരു ഡോക്‌ടര്‍ ആകുന്നതും ഒരു ആക്‌ടര്‍ ആകുന്നതും ഒരുപോലെയാണ്. എന്റെ അച്‌ഛന്‍ പറയാറുണ്ട് ‘നല്ലൊരു ഡോക്‌ടറാകണമെങ്കില്‍, ആദ്യം നല്ലൊരു ആക്‌ടര്‍ ആകണം. കാരണം രോഗികളില്‍ അമ്പതു ശതമാനത്തോളം പേര്‍ക്കും രോഗശാന്തി ലഭിക്കുന്നത് നിങ്ങള്‍ അവരോട് പെരുമാറുന്ന രീതികൊണ്ടുകൂടിയാണ്,’ എന്ന്,’ മാനുഷി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഡോക്‌ടര്‍ ആകുന്ന സമയത്ത് നിങ്ങള്‍ ഒരു റോള്‍ പ്ലേയിങ്ങാണ് ചെയ്യുന്നത്. ലോകസുന്ദരി എന്ന നിലയിലും, ചിലപ്പോള്‍ ഇത്തരത്തില്‍ റോള്‍ പ്ലേ ചെയ്യേണ്ടി വരും. ചില ആളുകളുടെ മുഖത്തേക്കു നോക്കുമ്പോള്‍ തളര്‍ന്നു പോകുന്നതായി നിങ്ങള്‍ക്കു തോന്നും. പക്ഷെ അപ്പോഴും ചിരിച്ചുകൊണ്ട് സന്തോഷം പരത്തണം. അതുകൊണ്ട് തീര്‍ച്ചയായും എനിക്കറിയാം എന്നില്‍ ഒരു നടിയുണ്ടെന്ന്,’ മാനുഷി വ്യക്തമാക്കി.

ഇതുവരെ സിനിമയില്‍ നിന്നുമുള്ള എത്ര അവസരങ്ങള്‍ നിരസിച്ചു എന്നു ചോദിച്ചപ്പോള്‍ ഒന്നും നിരസിച്ചില്ല എന്നായിരുന്നു മറുപടി.
‘ഞാനിപ്പോള്‍ കാത്തിരിക്കുകയാണ്. നിലവില്‍ ചില ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ശരിയായ സമയമാകുമ്പോള്‍ സിനിമയിലേക്കു വരുന്നതിനെക്കുറിച്ച് തീരുമാനിക്കും,’

ലോകസുന്ദരി പട്ടം നേടുക എന്നാല്‍ മാനുഷിയെ സംബന്ധിച്ചിടത്തോളം സുന്ദരമായ ഒരു മുഖം ഉണ്ടാകുക എന്നു മാത്രമല്ല, ലോകത്തെക്കുറിച്ച് വിശാലമായ ഒരു കാഴ്‌ചപ്പാടുണ്ടാകുക എന്നുകൂടിയാണ്.

‘ലോക സുന്ദരിയാകാന്‍ അത്രയധികം ആത്മവിശ്വാസം വേണം. കാരണം ഒരു ലക്ഷ്യം കൂടി അവിടെയുണ്ട്. ഭംഗിയുള്ള ഒരു മുഖം മാത്രമല്ല, ആ ലക്ഷ്യംനേടാനുള്ള അതിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ധൈര്യം വേണം. പ്രകൃതിദുരന്തം നടന്ന ഒരിടത്ത് സന്ദര്‍ശനം നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തളര്‍ന്നു പോകാതെ ആളുകള്‍ക്കൊപ്പം നിലനില്‍ക്കാന്‍ കഴിയണം,’ മാനുഷി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ