സിനിമാമേഖലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തൽ ഈയടുത്താണ് നിർമാതാക്കൾ തങ്ങൾ നടത്തിയ പത്രസമ്മേളത്തിൽ പറഞ്ഞത്. ഇതിൽ ഉൾപ്പെടുന്നവരുടെ ലിസ്റ്റും സർക്കാരിനെ ഏൽപ്പിക്കാൻ തയാറാണെന്നും നിർമാതാക്കൾ അറിയിച്ചു. ഇതിനിടെ പ്രമുഖ നിർമാതാവ് മന്ത്രമഠം രഞ്ജിത്ത് നടത്തിയ പ്രസ്താവന ഏറെ വിവാദമാകുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നു.
കാസർഗോഡ് ഭാഗത്തേയ്ക്ക് സിനിമ ചിത്രീകരണം മാറുന്നത് മയക്കുമരുന്ന് ലഭിക്കാനുള്ള എളുപ്പവഴിയായതു കൊണ്ടാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്. പ്രതിഷേധങ്ങൾ ഉയർന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ കാസർഗോഡ്‌കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് രഞ്ജിത്ത്. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുനെന്നും രഞ്ജിത്ത് കുറിച്ചു.
“കാസർഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസർഗോഡ്കാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ എന്റെ കടമയാണ്. വേദനിപ്പിച്ചതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു” രഞ്ജിത്ത് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
രഞ്ജിത്തിന്റെ കുറിപ്പിനെ സ്വാഗതം ചെയ്‌തു എതിർത്തും കമന്റുകൾ പോസ്റ്റിനു താഴെ നിറയുന്നുണ്ട്.