മലയാള സിനിമാപ്രേക്ഷകരുടെ ഉള്ളിൽ ഇന്നുമൊരു തീരാനോവായി അവശേഷിക്കുന്ന ഒന്നാണ് നടി മോനിഷയുടെ അകാല വിയോഗം. പ്രശസ്തിയുടെയും ജീവിതവിജയത്തിന്റെയും ഉന്നതിയിൽ നിൽക്കുമ്പോൾ അപ്രതീക്ഷിതമായി എത്തിയ കാറപകടമാണ് മോനിഷയുടെ ജീവൻ കവർന്നത്. 1992 ഡിസംബർ അഞ്ചിന് ആയിരുന്നു മരണം. മോനിഷ വിടപറഞ്ഞിട്ട് 29 വർഷം പൂർത്തിയാകുന്ന ഇന്ന് തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയെ ഓർക്കുകയാണ് നടൻ മനോജ് കെ ജയൻ.
ഒരുമിച്ചു അഭിനയിച്ച ചിത്രത്തിലെ ഗാനത്തിൽ നിന്നുള്ള വരികളും ഒരുമിച്ചുള്ള പഴയ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് മനോജ് കെ ജയൻ പ്രിയ സുഹൃത്തിനെ ഓർക്കുന്നത്. “നീലരാവിൽ ഇന്നും നിന്റെ താരഹാരം ഇളകുന്നു”..പ്രിയ സുഹൃത്തേ മോനിഷാ…ദീപ്തമായ സ്മരണകളോടെ പ്രണാമം” എന്നാണ് മനോജ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഇരുവരും നായികാ നായകന്മാരായി അഭിനയിച്ച കുടുംബസമേതം എന്ന ചിത്രത്തിലെ ഗാനത്തിൽ നിന്നുള്ള വരികൾ ആണിത്. മോനിഷയുടെ മരണത്തിനു ഏതാനും മാസങ്ങൾക്ക് മുൻപാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
കരിയറിൽ ഏറ്റവും തിരക്കുള്ള സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുക്കുന്നത്. 1992 ല്‍ ചെപ്പടി വിദ്യ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ചേര്‍ത്തലയിൽ വെച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന അംബാസിഡര്‍ കാര്‍ ബസുമായി കൂട്ടിയിടിച്ച് മോനിഷ മരിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കേഷനില്‍ നിന്ന് ഇരുവരും എറണാകുളത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തലയ്ക്കേറ്റ ക്ഷതം മൂലം സംഭവ സ്ഥലത്തു വച്ചുതന്നെ മോനിഷ മരിച്ചു. അപകടം നടന്ന എക്സറേ കവല പിന്നീട് മോനിഷ കവല എന്ന് അറിയപ്പെടാൻ തുടങ്ങി.