തന്റെ ഒരു സിനിമ കണ്ടതിന് ശേഷം ഭാര്യ ഷബാനയ്ക്ക് അപമാനിക്കപ്പെട്ടതുപോലെ തോന്നിയെന്നും ‘പണത്തിന് വേണ്ടി ഇത്തരം സിനിമ ചെയ്യുന്നത് നിർത്തൂ’ എന്ന് ആവശ്യപ്പെട്ടതായും തുറന്നു പറയുകയാണ് ബോളിവുഡ് താരം മനോജ് ബാജ്‌പേയി. പുതിയ ചിത്രം ‘സിർഫ് ഏക് ബന്ദാ കാഫി ഹേ’യുടെ പ്രമോഷനിടെയാണ് മനോജ് തന്റെ ചിത്രം കണ്ട് ഭാര്യ ഷബാന റാസ ശകാരിച്ച ഈ അനുഭവം ഓർത്തെടുത്തത്. താൻ അഭിനയിച്ച ഒരു മോശം സിനിമ കാണാൻ ഭാര്യയ്ക്ക് ഒപ്പം പോയ അനുഭവവും മനോജ് പങ്കുവെച്ചു. താൻ സ്‌ക്രീനിൽ നായികമാരെ പ്രണയിക്കുന്നത് കണ്ടപ്പോൾ ഭാര്യയ്ക്ക് അപമാനിക്കപ്പെട്ടതുപോലെ തോന്നിയെന്നും മനോജ് പറയുന്നു.

ഷബാനയ്ക്ക് ഒപ്പം ആ സിനിമ കാണാൻ പോയപ്പോൾ തീയേറ്ററിൽ തന്റെ പിന്നിൽ ഇരുന്ന കുറച്ച് പെൺകുട്ടികൾ തന്നെ കളിയാക്കുകയായിരുന്നുവെന്നും മനോജ് പറയുന്നു. “അതൊരു മോശം സിനിമയായിരുന്നു. സിനിമ കഴിഞ്ഞ് , ചിത്രം ഇഷ്ടപ്പെട്ടോ എന്നു ഞാനവളോട് ചോദിച്ചു. ‘പണത്തിന് വേണ്ടി സിനിമ ചെയ്യുന്നത് നിർത്തൂ. നിങ്ങൾ പണത്തിന് വേണ്ടി ഇത് ചെയ്തതിൽ ഞാൻ നിരാശയാവുക മാത്രമല്ല, എനിക്ക് അപമാനിക്കപ്പെട്ടതു പോലെ തോന്നുന്നു. ദയവായി ഒരിക്കലും ഇങ്ങനെ ചെയ്യരുത്! നിങ്ങൾക്ക് കഥാപാത്രങ്ങളെ മിടുക്കോടെ അവതരിപ്പിക്കാനാവും, ദയവായി അവ തിരഞ്ഞെടുക്കുക, അല്ലാതെ ഈ സിനിമകളല്ല, മറ്റൊന്നും നിങ്ങൾ തെളിയിക്കേണ്ടതില്ല.” ഭാര്യ ശാസനയുടെ രൂപത്തിലാണ് അതു പറഞ്ഞതെങ്കിലും അത് വലിയൊരു ഉപദേശമായി മാറുകയായിരുന്നുവെന്നും മനോജ് കൂട്ടിച്ചേർത്തു.
സത്യമേവ ജയതേ, ബാഗി 2 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതിനെ കുറിച്ചും മനോജ് അഭിമുഖത്തിനിടെ പറഞ്ഞു. സത്യമേവ ജയതേ കാണാൻ കയറിയിട്ട് താൻ തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോയി എന്ന് അവതാരക പറഞ്ഞപ്പോൾ, ‘പക്ഷേ നിങ്ങൾ ടിക്കറ്റിനായി പണം നൽകിയല്ലോ’, എന്നാണ് ചിരിയോടെ താരം പ്രതികരിച്ചത്. ആ ചിത്രത്തിൽ പ്രവർത്തിച്ചതിന്റെ അനുഭവം തനിക്ക് ഇഷ്ടപ്പെട്ടുവെന്നും മനോജ് കൂട്ടിച്ചേർത്തു.
സത്യമേവ ജയതേ കാണുമ്പോൾ തന്റെ ഭാര്യ ക്ലൈമാക്‌സ് സീനിൽ ഉറക്കെ ചിരിക്കുകയായിരുന്നുവെന്നും മനോജ് സമ്മതിച്ചു. ‘”ക്ലൈമാക്സ് കണ്ടപ്പോൾ ഷബാന ചിരിക്കുകയായിരുന്നു, എന്തുകൊണ്ടാണ് അവൾ ചിരിക്കുന്നതെന്ന് ഞാൻ അവളോട് ചോദിച്ചു. എനിക്ക് ഇത് വളരെ തമാശയായി തോന്നുന്നു, നിങ്ങൾ അഭിനയിക്കുന്ന രീതി’ എന്നായിരുന്നു അവളുടെ മറുപടി.”