നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ തിയേറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. നിവിൻ പോളിയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ല് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ് ‘മൂത്തോനി’ലെ അക്ബർ. ടൊറന്റോ ചലച്ചിത്രമേളയിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം നിരൂപക പ്രശംസ നേടിയ ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തെയും സംവിധായിക ഗീതുവിനെയും നിവിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തുവന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായൊരു അഭിനന്ദനം ബോളിവുഡ് താരം മനോജ് ബാജ്‌പേയിയുടേതാണ്. ഗീതുവിനെയും നിവിനെയും രാജീവ് രവിയേയും അഭിനന്ദിച്ചുകൊണ്ടുള്ള മനോജ് ബാജ്‌പേയിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

“ഹൃദയം പിടിച്ചുവലിയ്ക്കുന്ന മനോഹരമായ ഒരു സിനിമ. അതിമനോഹരമായൊരു ലോകം തന്നെ രാജീവ് രവി ചിത്രീകരിച്ചിട്ടുണ്ട്, അതു വല്ലാതെ അസ്വസ്ഥമാക്കുന്നു. നിവിൻ പോളിയുടെ പ്രകടനം ശ്രദ്ധാപൂർവ്വമായ നിരീക്ഷണം ആവശ്യപ്പെടുന്നുണ്ട്. ബാലതാരമായെത്തിയ സഞ്ജനയുടെ പ്രകടനം അതിശയകരമാണ്. മറ്റ് അഭിനേതാക്കളും എല്ലാ ഡിപ്പാർട്ടുമെന്റുകളും മികവ് പുലർത്തുന്നു. ഗീതു, പ്രണാമം സ്വീകരിക്കൂ. ലീനിയർ ക്യാരക്ട‌റൈസേഷന്റെ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു,” മനോജ് ബാജ്‌പേയ് കുറിക്കുന്നു.

ഇംത്യാസ് അലി, വിക്കി കൗശാൽ, വസന ബാല തുടങ്ങി നിരവധിയേറെ പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Read more: ‘Moothon’ Review: ഇരുട്ടിന്റെ അലർച്ചയാകുന്ന ‘മൂത്തോന്‍’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook