കൊച്ചി: പൊമ്പിളൈ ഒരുമയ്ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വൈദ്യത മന്ത്രി എംഎം മണിക്കെതിരെ വിമര്‍ശനവുമായി നടി മഞ്ജു വാര്യര്‍. സ്ത്രീകൾക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തിൽ കുറേപ്പേർക്കെങ്കിലുമുണ്ടെന്ന് മഞ്ജു പറഞ്ഞു. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോൾ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നതായും മഞ്ജു പറഞ്ഞു.

“മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരായ മന്ത്രി എം.എം.മണിയുടെ പ്രസ്താവനയിൽ നിന്ന് വമിക്കുന്ന ദുർഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. രാജ്യം ശ്രദ്ധിക്കുകയും ഒരു പാട് പേർ ഒപ്പം നിൽക്കുകയും ചെയ്ത പോരാട്ടമായിരുന്നു പെമ്പിളൈ ഒരുമയുടേത്. അതിനെ ഏറ്റവും തരം താഴ്ന്ന രീതിയിൽ പരിഹസിച്ചതിലൂടെയും പ്രവർത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവർന്നു നില്കാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണെന്നും മഞ്ജു കുറ്റപ്പെടുത്തി.

“ഒരുപാട് ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങൾക്കൊപ്പം നില്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദേഹത്തിന് എങ്ങനെയിങ്ങനെ പറയാൻ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. ആർക്കും നാവുകൊണ്ടു പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീ. അത് സമൂഹത്തോട് വിളിച്ചു പറയേണ്ട ബാധ്യതയുളളയാളാണ് ഒരു മന്ത്രി. വെറുമൊരു ഖേദപ്രകടനത്തിനുമപ്പുറം ഇനി ഇത്തരം വാക്കുകൾ തന്നിൽ നിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് എം.എം.മണിയിൽ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിനായുള്ള സമരത്തിൽ പെമ്പിളൈ ഒരുമയ്ക്കൊപ്പമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ