താരങ്ങളേക്കാള്‍ കരുത്തനായ സംവിധായകനാണ് ഐവി ശശിയെന്ന് നടി മഞ്ജു വാര്യര്‍. ദക്ഷിണേന്ത്യൻ സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ആർക്കും മറികടക്കാനാവാത്ത നേട്ടങ്ങൾ കൊയ്ത ആളാണ് അദ്ദേഹമെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘മലയാള സിനിമയിലെ ഒരു അതുല്യപ്രതിഭ കൂടി നമ്മെ വിട്ടു പോയിരിക്കുന്നു. ഒരു പക്ഷെ എന്നെപ്പോലെ തന്നെ സിനിമയിൽ ഒട്ടു മിക്കവർക്കും ‘ഹിറ്റ് മേക്കർ’ അല്ലെങ്കിൽ ‘മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ’ എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേര് ഐ. വി.ശശി എന്നായിരിക്കും. താരങ്ങളെക്കാൾ കരുത്തനായ സംവിധായകനായി, ദക്ഷിണേന്ത്യൻ സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ആർക്കും മറികടക്കാനാവാത്ത നേട്ടങ്ങൾ കൊയ്ത ഐ. വി. ശശി സർ മൂന്നു വർഷങ്ങൾക്കു മുമ്പ് ഒരു സിനിമ മനസ്സിൽ ആലോചിച്ചപ്പോൾ എനിക്കു വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു എന്നു ഞാൻ അഭിമാനത്തോടെ ഓർക്കുന്നു. പക്ഷെ ആ സിനിമ സംഭവിച്ചില്ല’, മഞ്ജു വ്യക്തമാക്കി.

‘സിനിമയിൽ ഒരു കാലഘട്ടത്തെ സൃഷ്ടിച്ച ആ വലിയ സംവിധായകനോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. എന്നെന്നും ഓർക്കാൻ ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച പ്രിയപ്പെട്ട ശശി സർ, മലയാള സിനിമയെ സ്നേഹിക്കുന്ന ഏതൊരാളുടെയും ഉള്ളിൽ അങ്ങ്‌ എന്നും ജീവിക്കും. അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ട ആ തൊപ്പി അങ്ങയുടെ പേരിൽത്തന്നെ എന്നും അറിയപ്പെടും’, മഞ്ജു വ്യക്തമാക്കി.
ചൊവ്വാഴ്ച്ച രാവിലെ ചെന്നൈയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വ്യാഴാഴ്ചയായിരിക്കും സംസ്കാരം നടക്കുക. ഓസ്ട്രേലിയയിലുള്ള മകളും കുടുംബവും എത്തുന്നതിന് വേണ്ടിയാണ് സംസ്കാരം വ്യാഴാഴ്ച നിശ്ചയിച്ചത്.

മൃതദേഹം ചെന്നൈയിലെ വടപളനിയിലുള്ള വസതിയിൽ എത്തിച്ചു. സിനിമാ രംഗത്തെ പ്രമുഖർ ഐ.വി.ശശിയുടെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സംവിധായകരായ ഹരിഹരൻ, പ്രിയദർശൻ തുടങ്ങി നിരവധിപ്പേർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി.

നേരത്തെ, ഐ.വി.ശശിയുടെ സംസ്കാരം കോഴിക്കോട് നടത്തണമെന്ന് സംവിധായകൻ രഞ്ജിത് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കൾ സമ്മതിച്ചാൽ കോഴിക്കോട് സംസ്കാരം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ