കൊച്ചി: വനിതാദിനത്തില്‍ വൈകാരികമായ കുറിപ്പുമായി നടി മഞ്ജു വാര്യര്‍. ചില വിഷയങ്ങളെക്കുറിച്ച് എഴുതേണ്ടിവരുമ്പോൾ വിരലുകളും വാക്കുകളും വിറയ്ക്കാറുണ്ടെന്ന് മഞ്ജു തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ഒറ്റദിവസംമാത്രം ഓർമിക്കപ്പെടേണ്ടവളല്ലല്ലോ സ്ത്രീ. പക്ഷേ ഇന്ന് വായിച്ചതും കേട്ടതുമായ വാർത്തകൾ സ്ത്രീകൾക്ക് മുന്നിൽ ഇനിയുള്ള പ്രഭാതങ്ങൾ ഒട്ടും പ്രകാശംനിറഞ്ഞതാകില്ല എന്നു പറഞ്ഞുതരുന്നു.

പ്രിയപ്പെട്ട ഒരു നടിക്കുണ്ടായ മുറിവിന്റെ വേദന നമ്മുടെയൊക്കെ മനസ്സിൽനിന്ന് മായുംമുമ്പ് എത്രയെത്ര നിലവിളികൾ. അത് ബാല്യംവിട്ടുപോകാത്ത പെൺകുഞ്ഞുങ്ങളുടേതാണ് എന്നത് ഒരേസമയം ഭയപ്പെടുത്തുകയും കുത്തിനോവിക്കുകയും ചെയ്യുന്നുവെന്നും മഞ്ജു പറയുന്നു.
മട്ടന്നൂരിലും, തിരുവനന്തപുരത്തും, വയനാട്ടിലും, പാലക്കാടും ഏറ്റവും ഒടുവിൽ ആലുവയിലും അതിക്രൂരമായി അപമാനിക്കപ്പെട്ടത് ഇനിയും ചിത്രശലഭങ്ങൾക്കുപിന്നാലെ ഓടിത്തീരാത്തവരായിരുന്നു. എന്തൊരു കാലമാണിത്!! എങ്ങോട്ടാണ് ഈ കറുത്തയാത്ര?? ഇതുചെയ്തവരെ മനുഷ്യർ എന്നോ മൃഗങ്ങളെന്നോ വിളിക്കരുത്. അവർ ഒരു വിളിപ്പേരും അർഹിക്കുന്നില്ല. നിയമം നാളെ എന്തുചെയ്യമെന്ന് ഏകദേശം ഊഹിക്കാം. അനുഭവങ്ങൾ അങ്ങനെയാണല്ലോ. എങ്കിലും ലക്ഷക്കണക്കായ മനസ്സുകളിൽ അവർ ശിക്ഷിക്കപ്പെടുന്നുണ്ട് ഓരോ നിമിഷവും. കാറിത്തുപ്പലും മുഖമടച്ചുള്ള അടിയും മുതൽ ജീവിതാവസാനത്തോളമെത്തുന്ന തടവുവരെയുണ്ടാകും അതിൽ. ഇനിയും മനുഷ്യത്വം നശിച്ചിട്ടില്ലാത്തവരുടെ ഹൃദയങ്ങളിലെ പ്രതിക്കൂടുകളിൽ അങ്ങനെ തീരട്ടെ ആ ജന്മങ്ങളെന്നും മഞ്ജു പറയുന്നു.

ഇതിനേക്കാളൊക്കെ ഭയപ്പെടുത്തുന്നത് മറ്റൊന്നാണ്. ഏതുനിമിഷവും പെൺകുഞ്ഞുങ്ങൾ പരുന്തുകളാൽ റാഞ്ചപ്പെടാമെന്ന അവസ്ഥ നിലനിൽക്കെ നമ്മുടെനാട്ടിൽ ഒരാൾക്ക് സധൈര്യം പ്രഖ്യാപിക്കാനാകുന്നു: ‘എനിക്ക് അഞ്ചാംക്ലാസ്സുകാരിയോട് കാമംതോന്നുന്നുവെന്ന്, മിഠായി നൽകി അവളുടെ പ്രേമം അനുഭവിക്കാനാകുന്നുവെന്ന്.’ ഇതിനെ സ്വാതന്ത്ര്യം എന്നുവിളിക്കാമെങ്കിൽ ആ സ്വാതന്ത്ര്യം ഈ രാജ്യത്ത് അനുവദിക്കരുതെന്നും നടി പറയുന്നു.

അയാൾക്കുചുറ്റുമുള്ള സംരക്ഷണവലയം അതിനേക്കാൾ നീചമായ കാഴ്ച. അവനെ എനിക്കറിയാം എന്നുപറഞ്ഞുകൊണ്ടുള്ള ഐക്യദാർഢ്യപ്രകടനങ്ങൾ, പിഡോഫീലിയായുടെ താത്വികമായഅവലോകനങ്ങൾ, ലൈംഗികാവകാശത്തെക്കുറിച്ചുള്ള ചൂടുള്ളചർച്ചകൾ. എല്ലാംകണ്ടുനിൽക്കെ ഒരിക്കൽക്കൂടി എന്തൊരു കാലമാണിതെന്ന് ചോദിച്ച് പോകുന്നതായും മഞ്ജു പറഞ്ഞു.

ഒരു അഞ്ചാംക്ലാസുകാരിയെ മധുരംകൊടുത്ത് മയക്കിയശേഷം മുഖംപൊത്തിപ്പിടിച്ചുകൊണ്ട് നിങ്ങൾ എന്ത് അവകാശത്തെപ്പറ്റിയാണ് സംസാരിക്കുന്നത്? ഒന്നുമറിയാതെ നിങ്ങൾകൊടുത്ത മിഠായിനുണയുമ്പോൾ അവളെപ്പോലുള്ള അനേകായിരം പെൺകുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്നതെന്താണ്? മൊട്ടിനെ കെവെള്ളയിലിട്ട് ഞെരിച്ചശേഷം പൂക്കളെക്കുറിച്ച് സംസാരിക്കരുതെന്നും മഞ്ജു കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook