സ്വപ്നങ്ങൾ പിന്തുടരാൻ പ്രായമൊരു പ്രശ്നമല്ലെന്ന് തെളിയിച്ചുകൊണ്ട് കഥകളിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവൻ. കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവന്റെ അരങ്ങേറ്റം. കല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലി വേഷമാണ് ഗിരിജ മാധവൻ അവതരിപ്പിച്ചത്. അമ്മയുടെ അരങ്ങേറ്റം കാണാൻ മഞ്ജുവും ക്ഷേത്രത്തിൽ എത്തിയിരുന്നു.
“ഏതു പ്രായത്തിലും എപ്പോൾ വേണമെങ്കിലും നമുക്ക് ആഗ്രഹം സത്യസന്ധമായി ഉണ്ടെങ്കിൽ അത് നടക്കുമെന്ന് എന്റെ അമ്മ പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ്. എനിക്കും എല്ലാ സ്ത്രീകൾക്കുമൊരു പ്രചോദനമാണത്,” അമ്മയുടെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയ മഞ്ജു പറയുന്നു.
Kathakali Arangettam..
Girija Madhavan.. (mother of Manju Warrier).
(Panchali -Kalyana Sougandhikam).
At Peruvanam Mahadeva Temple.
on yesterday, 09.03.2021.
in connection with Sivarathri celebrations.Posted by Sunil Ammadam I on Tuesday, March 9, 2021
ഒന്നര വർഷത്തോളമായി കലാനിലയം ഗോപിയുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചു വരികയായിരുന്നു ഗിരിജ മാധവൻ. വർഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട് ഇവർ.
ഒരർത്ഥത്തിൽ, അമ്മ ഗിരിജ വാര്യർ കണ്ട സ്വപ്നമാണ് മഞ്ജു വാര്യർ എന്ന നർത്തകി. മകളെ ചിലങ്ക അണിയിച്ചതും ഏറെ പരിമിതികൾക്കിടയിലും മഞ്ജുവിന്റെ നൃത്തപഠനത്തിന് കോട്ടം തട്ടാതെ മുന്നോട്ടുപോയതും അമ്മയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് മഞ്ജു നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അമ്മ ഏറ്റവും സന്തോഷമായിരിക്കുന്ന കാര്യങ്ങൾ ചെയ്യൂവെന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവാണ് തന്റെ പ്രചോദനമെന്ന് ഗിരിജ മാധവനും പറയുന്നു. പരസ്പരം പ്രചോദനമാകുന്ന ഈ അമ്മയും മകളും മലയാളികളെയും വിസ്മയിപ്പിക്കുകയാണ് ഇപ്പോൾ.