പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രം ‘ആദി’ തിയേറ്ററുകളില്‍ എത്തി. നിരവധി പേരാണ് പ്രണവിന് ആശംസകളുമായി വന്നിരിക്കുന്നത്. ‘പ്രിയപ്പെട്ട അപ്പു, ആശംസകള്‍,അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ!’ നടി മഞ്ജു വാര്യര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ആദി കണ്ടതിനുശേഷമാണ് മഞ്ജുവാര്യര്‍ ആശംസകള്‍ നേര്‍ന്നത്.
ആദി മനോഹരമായ സിനിമയാണെന്നും ആക്ഷന്‍രംഗങ്ങള്‍ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും സംവിധായകന് ഷാജി കൈലാസ് പ്രതികരിച്ചു. സുചിത്ര മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ കൊച്ചിയില്‍ സിനിമ കണ്ടു. കൊച്ചിയിലെ പത്മ തിയറ്ററില്‍ ചിത്രം കണ്ട സുചിത്ര മോഹന്‍ലാലിന് മകന് പ്രണവിനെയും ആദിയെയുംക്കുറിച്ച്, നിറഞ്ഞ സന്തോഷം മാത്രമാണെന്ന് പ്രതികരിച്ചു. ഞങ്ങള്‍ ചെറുപ്പംമുതല്‍ കണ്ടുവരുന്ന അപ്പുവിനെയാണ് സ്ക്രീനിലും കണ്ടതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പറഞ്ഞു.
Read More : ‘നീയെനിക്ക് ഇല്ലാതെ പോയ കുഞ്ഞനുജന്;’ പ്രണവിന് ആശംസകളുമായി ദുല്‍ഖര്‍
അതേസമയം കോഴിക്കോട് ആര്.പി മാളിലെ പി.വി.ആര് മൂവിസില്‍ ആദിയുടെ പ്രദര്‍ശനം മുടങ്ങി. സിനിമയുടെ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കെ വൈദ്യുതി ബന്ധം തകരാറിലാവുകയായിരുന്നു. ഇന്റര്‍വെല്ലിന് ശേഷമായിരുന്നു പ്രദര്‍ശനം മുടങ്ങിയത്. പ്രേക്ഷകര്‍ ബഹളം വച്ചതോടെ സ്ഥലത്ത് ചെറിയ രീതിയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്തു. പൊലീസ് എത്തിയതിന് ശേഷമാണ് സംഘര്‍ഷം ലഘൂകരിച്ച് പ്രശ്നം പരിഹരിച്ചത്. തുടര്‍ന്ന് സിനിമ കാണാനെത്തിയവര്‍ക്ക് ടിക്കറ്റിന്റെ പണം തിരിച്ചു നല്‍കുകയും ചെയ്തു.