കൊച്ചി: നടി മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിട്ടില്ലെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ. പിന്തുടർന്നു ശല്യം ചെയ്തെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സനല്‍കുമാര്‍ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണോ ശല്യം ചെയ്യുന്നത് എന്ന ചോദ്യത്തിനായിരുന്നു മറുപടി. അങ്ങനെ ശല്യപ്പെടുത്തുക ഒന്നും ഉണ്ടായിട്ടില്ലെന്നും മഞ്ജുവിനെ നേരിൽ കണ്ടിട്ടും സംസാരിച്ചിട്ടും ഒരുപാട് നാളായെന്നും സനൽകുമാർ പറഞ്ഞു. അടുത്തിടെ മഞ്ജുവിനെ നേരിൽ കാണാൻ ശ്രമിച്ചത് ‘കയറ്റം’ എന്ന സിനിമ റിലീസ് ആവാത്തത് എന്തുകൊണ്ടാണെന്ന് അറിയാൻ ആയിരുന്നെന്നും പക്ഷെ അതിന് സമ്മതിച്ചില്ലെന്നും ഇതിലെല്ലാം നിഗൂഢതകൾ ഉണ്ടെന്നും സനൽകുമാർ പറഞ്ഞു.
“മഞ്ജുവിന്റെ കാര്യത്തിലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചത്. മഞ്ജുവിന് ശല്യമുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് എന്നെ വിളിച്ചിട്ട് പറയാമായിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുന്നത് ഏഴ് ദിവസം മുൻപാണ്. ആ സമയത്ത് അവര്‍ക്ക് മേസേജ് അയച്ചിരുന്നു. നിങ്ങളുടെ ജീവന് ഭീഷണിയുണ്ട് എന്ന് പേടിയുണ്ട് അതുകൊണ്ട് പോസ്റ്റിടാന്‍ പോകുവാണ് പറഞ്ഞു. പൊതുസമൂഹം അറിയണമെന്ന്തോന്നുന്നു എന്ന് പറഞ്ഞു. മറുപടി ഒന്നും പറഞ്ഞില്ല. മെയിലും അയച്ചു. അതിനും പ്രതികരണമുണ്ടായില്ല. തുടർന്നും പ്രതികരണം ഇല്ലാതായതോടെയാണ് പോസ്റ്റ് ചെയ്തത്. അപ്പോഴും മിണ്ടിയില്ല. അങ്ങനെയാണ് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിനും കത്തയച്ചത്. ഇതെല്ലാം ഒരു പൗരന്റെ കടമയാണ്.” സനൽകുമാർ പറഞ്ഞു.
പൊലീസ് തന്നെ കസ്റ്റഡിയിൽ എടുത്ത രീതി ശരിയായില്ലെന്നും സനൽ ആരോപിച്ചു. ഫോണിൽ വിളിച്ചു ഹാജരാകാൻ പറഞ്ഞിരുന്നെങ്കിൽ താൻ എത്തുമായിരുന്നു. തീവ്രവാദികളെ പോലെ വളഞ്ഞിട്ട് പിടികൂടുകയാണ് ചെയ്തത് എന്ന് സനൽകുമാർ ആരോപിച്ചു. .
സോഷ്യൽ മീഡിയയിലൂടെ അപവാദം പ്രചരിപ്പിച്ചു ബുദ്ധിമുട്ടുണ്ടാകും വിധം പിന്തുടർന്നു ശല്യം ചെയ്തു എന്നുമുള്ള മഞ്ജുവിന്റെ പരാതിയിൽ വ്യാഴാഴ്ചയാണ് സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജു കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. തുടർന്ന് തിരുവനന്തപുരത്ത് അനിയത്തിയുടെ വീട്ടിൽ കഴിയുകയായിരുന്ന സനലിനെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസുകാരോടൊപ്പം പോകാൻ കൂട്ടാക്കാതെ സനൽകുമാർ ഫെയ്സ്ബുക്ക് ലൈവ് പോയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചിരുന്നു.
എളമക്കര പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്ത സനൽകുമാറിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കാന് തയ്യാറായിരുന്നെങ്കിലും കോടതിയില്‍ ഹാജരാക്കണമെന്ന സനലിന്റെ ആവശ്യം പരിഗണിച്ചാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Also Read: മഞ്ജുവിന്റെ പരാതി; സനൽ കുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ