മലയാളികൾക്ക് ഏറെ സുപരിചിതരാണ് നടി മഞ്ജു വാര്യരും സഹോദരനും നടനും സംവിധായകനുമായ മധു വാര്യരും. ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെ അടുത്തിടെയാണ് മധുവാര്യർ സംവിധായകനായി തുടക്കം കുറിച്ചത്. ചേട്ടന്റെ ചിത്രത്തിൽ മഞ്ജു വാര്യർ ആയിരുന്നു കേന്ദ്രകഥാപാത്രം. ചിത്രം പറഞ്ഞതും സാഹോദര്യത്തിന്റെ കഥയായിരുന്നു.
ഇപ്പോഴിതാ, മഞ്ജുവിന്റെ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് മധുവാര്യർ. സ്ലോ സൈക്കിളിംഗ് ചെയ്യുന്ന മഞ്ജുവിനെയാണ് വീഡിയോയിൽ കാണാനാവുക. വീഡിയോയുടെ പശ്ചാത്തലത്തിൽ കുതിരവട്ടം പപ്പുവിന്റെ പ്രശസ്തമായ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന സംഭാഷണശകലവും കേൾക്കാം.
‘നിങ്ങൾക്ക് ഒരു ട്രോളൻ ചേട്ടൻ ഉണ്ടായാൽ…’ എന്ന അടിക്കുറിപ്പോടെ മഞ്ജുവും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
‘ദ ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളസിനിമയിൽ മധു വാര്യരുടെ അരങ്ങേറ്റം. ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച മധു വാര്യർ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. പി. സുകുമാറിനൊപ്പം ചേർന്ന് കളർ ഫാക്ടറി എന്നൊരു പ്രൊഡക്ഷൻ ഹൗസും നടത്തിയ മധു വാര്യർ ‘സ്വ.ലേ’, ‘മായാമോഹിനി’ എന്നിങ്ങനെ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരുന്നു.
അജിത്തിനൊപ്പം അഭിനയിച്ച തമിഴ് ചിത്രം തുനിവ്, ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ.