മഞ്ജു വാര്യരുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. താരത്തിന്റെ വളരെ രസകരമായ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യർ ഫാൻസ് പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഒരു ട്രേയിൽ ചായയുമായി വരുകയാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. വീടിന്റെ മുൻപിൽ നിൽക്കുന്ന ആളുകൾക്ക് ചായയുമായാണ് മഞ്ജുവിന്റെ വരവ്. ‘വൺ ബ്ലാക്ക് കോഫി പ്ലീസ്’ എന്ന് ആരോ വീഡിയോയിൽ പറയുന്നതും കേൾക്കാം. ‘ആറാം തമ്പുരാൻ’ എന്ന ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തെ ഓർമിപ്പിക്കുന്നതാണ് ദൃശ്യങ്ങൾ. മഞ്ജുവിന്റെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണോ അതോ ഷൂട്ടിങ്ങ് ലൊക്കേഷനാണോ എന്നത് വ്യക്തമല്ല.
മഹേഷ് വെട്ടിയാരുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘വെള്ളരിപട്ടണം’ ആണ് മഞ്ജുവിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ആക്ഷേപ ഹാസ്യം നിറഞ്ഞ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.
സൈജു ശ്രീധരൻ ചിത്രം ‘ഫൂട്ടേജ്’ ആണ് താരത്തിന്റെ പുതിയ ചിത്രം. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളാണ് ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ച് ചെയ്തത്.