ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ നടി മഞ്ജു വാര്യർ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കിയിരുന്നു. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില ഏകദേശം 28 ലക്ഷം രൂപയാണ് വില. ഇപ്പോഴിതാ, ആഗ്രഹിച്ചു സ്വന്തമാക്കിയ ബൈക്കുമായി റൈഡിനു ഇറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒപ്പം നടനും സംവിധായകനുമായ സൗബിൻ ഷാഹിറുമുണ്ട്.
“ഞാൻ അഭിമുഖീകരിക്കാത്ത ഭയങ്ങൾ എന്റെ പരിമിതികളായി മാറുന്നു. നല്ല സുഹൃത്തുക്കളായും ക്ഷമാശീലരായ ഗൈഡുകളായും എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി,” സൗബിനു നന്ദി പറഞ്ഞ് മഞ്ജുവാര്യർ കുറിച്ചു.
സൗബിനും അടുത്തിടെ ബി എം ഡബ്ല്യൂ ജി എസ് ട്രോഫി എഡിഷൻ ആർ1250 ജിഎസ് സ്വന്തമാക്കിയിരുന്നു. എന്തായാലും ഇരുവരുടെയും ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷമാണ് സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് മഞ്ജു നേടിയെടുത്തത്.
മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത വെള്ളരി പട്ടണമാണ് ഒടുവിൽ തിയേറ്ററിലെത്തിയ മഞ്ജു വാര്യരുടെയും സൗബിന്‍ ഷാഹിറിന്റെയും ചിത്രം. സഹോദരങ്ങളായിട്ടാണ് ഇരുവരും ചിത്രത്തിൽ അഭിനയിച്ചത്. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയായിരുന്നു.